12 July, 2019 12:20:18 PM


അറുപത്തിനാലില്‍ അധികം പിഞ്ചുകുട്ടികളെ പീഡിപ്പിച്ച വനിത ജയില്‍ മോചിതയാകുന്നു; പ്രതിഷേധം ശക്തം



ലണ്ടന്‍: അറുപത്തിനാലില്‍ അധികം കുട്ടികളെ പീഡിപ്പിച്ച വനിത ജയില്‍ മോചിതയാകുന്നു. ഇംഗ്ലണ്ടിലെ ഡിവോണ്‍ നഗരത്തെ ഞെട്ടിച്ച കേസിലെ പ്രതിയായ വനേസ ജോര്‍ജ്ജിനെയാണ് ഒമ്പതു വര്‍ഷത്തെ തടവിന് ശേഷം ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനമായത്. രണ്ടു മുതല്‍ അഞ്ചു വരെ പ്രായമുള്ള 64 കുട്ടികളെയാണ് വനേസ പീഡിപ്പിച്ചത്. നിലവില്‍ വനേസ ആളുകള്‍ക്ക് അപകടകാരിയല്ലെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തിയതിനാലാണ് കര്‍ശന നിയന്ത്രണങ്ങളോടെ ഇവരെ പുറത്ത് വിടുന്നത്. നേരത്തെ പലതവണ വനേസയുടെ പരോള്‍ ആവശ്യം നിഷേധിച്ചിരുന്നു.  


പരോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്തംബറില്‍ വനേസ ജയില്‍ മോചിതയാവും. ഡേ കെയര്‍ നടത്തിപ്പുകാരിയായിരുന്ന ഇവര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വിവരം ഏറെ വൈകിയാണ് പുറത്ത് വന്നത്. പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് ഇവരില്‍ നിന്ന് വിവാഹ മോചനം നേടി. രണ്ടു പെണ്‍മക്കളും പീഡന വിവരം പുറത്തുവന്നതോടെ വനേസയെ  തള്ളിപ്പറഞ്ഞിരുന്നു. വനേസയുടെ ജയില്‍മോചന വിവരം പുറത്തുവന്നതോടെ മുന്‍ ഭര്‍ത്താവ് ആന്‍ഡ്രൂവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K