12 July, 2019 08:24:01 PM


പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ അന്തരിച്ചു



തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പട്ടത്തെ സ്വവസതിയിൽ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാർ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു. കൊല്ലം ജില്ലയിൽ പുനലൂരിലെ തൊളിക്കോടാണ് സ്വദേശം.


ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.  നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണൽ ജീവിതം തുടങ്ങിയ എം.ജെ.രാധാകൃഷ്ണൻ പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്‍റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങൾ എന്നതടക്കം നിരവധി ചിത്രങ്ങൾക്ക് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചയാൾ കൂടിയാണ് എം ജെ രാധാകൃഷ്ണൻ. മങ്കട രവിവർമയ്ക്കും എം ജെ രാധാകൃഷ്ണനും ഏഴ് തവണ വീതം മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K