13 July, 2019 07:09:36 PM


പ്രളയം നാമാവശേഷമാക്കിയ കൃഷിയിടത്തില്‍ വീണ്ടും വിജയചരിത്രം കുറിക്കാനൊരുങ്ങി വിജയകുമാര്‍




അയര്‍ക്കുന്നം: പ്രളയം നാമാവശേഷമാക്കിയ കൃഷിയിടത്തില്‍ വീണ്ടും വിജയചരിത്രം കുറിക്കാനൊരുങ്ങുകയാണ് അമയന്നൂര്‍ വാഴത്തോട്ടേല്‍ വി.ആര്‍. വിജയകുമാര്‍. വാഴയും മത്തനും പാവലും പടവലവുമൊക്കെ നിറഞ്ഞ കൃഷിഭൂമിയാണ് കഴിഞ്ഞ വര്‍ഷം വെള്ളത്തിലായത്. പ്രതിസന്ധിയുടെ ദിനങ്ങളില്‍ കൃഷിവകുപ്പ് പ്രതീക്ഷയുടെ വഴിതുറക്കുകയായിരുന്നു. 


നാലു ലക്ഷം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരുന്നത്. ഒരു വാഴ്യ്ക്ക് നൂറ് രൂപ എന്ന നിരക്കില്‍  സര്‍ക്കാരില്‍നിന്ന് അന്‍പതിനായിരം രൂപ ലഭിച്ചു. വീണ്ടും കൃഷി ആരംഭിച്ചപ്പോള്‍ പ്രാരംഭ ചിലവുകള്‍ക്കായി ഒരു ഹെക്ടറിന് പതിനയ്യായിരം രൂപയും സംയോജിത കൃഷി പദ്ധതിയില്‍ മുപ്പതിനായിരം രൂപയും നല്‍കി. ഹോര്‍ട്ടികോര്‍പ്പ് മിഷന്റെ സഹകരണത്തോടെയാണ് വിജയകുമാര്‍ വീണ്ടും വിത്തിറക്കിയത്. സ്വന്തമായുള്ള 25 സെന്റ് കൂടാതെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്.  


വിളകള്‍ക്കെല്ലാം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്. പ്രളയ ശേഷം സ്വഭാവികത നഷ്ടപ്പെട്ട മണ്ണിന്റെ പുനരുജ്ജീവനത്തിനായി കൃഷി ഭവനില്‍ നിന്നും കുമ്മായം നല്‍കിയിരുന്നു. പയര്‍, പാവല്‍, വെള്ളരി, വഴുതന എന്നിങ്ങനെ പന്ത്രണ്ടോളം വിളകളാണ് കൃഷി ചെയ്യുന്നത്. സ്വന്തം പുരയിടത്തില്‍ പടുതാക്കുളം നിര്‍മ്മിച്ച് മത്സ്യകൃഷിയും നടത്തുന്നുണ്ട്. വേനല്‍ കൃഷിയായി മൂന്ന് ഏക്കറില്‍ ചീര വിളവെടുത്തിരുന്നു. പൂര്‍ണ്ണമായും ജൈവ കൃഷി രീതിയില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ അയര്‍ക്കുന്നം വെജിറ്റബിള്‍ ക്ലസ്റ്റര്‍ വഴിയാണ് വിപണനം നടത്തുന്നത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K