16 July, 2019 07:11:12 PM


ശബരിമലയില്‍ പോലീസ് തന്നിഷ്ടം കാട്ടി; സര്‍ക്കാരിനെ ഒറ്റി വിവരങ്ങള്‍ ചോര്‍ത്തി - വിമര്‍ശനവുമായി മുഖ്യമന്ത്രി

രാത്രി പരിശോധനയും പെറ്റി കേസ് പിടിക്കുന്നതുമല്ല പോലീസിംഗ് എന്നും മുഖ്യമന്ത്രി



തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ഡ്യൂട്ടിയില്‍ നിന്ന് തന്നിഷ്ട പ്രകാരം വിട്ടുനിന്ന ചില ഉന്നതോദ്യോഗസ്ഥര്‍ ശബരിമലയിലെ വിഷയങ്ങള്‍ ചില തീവ്രനിലപാടുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മനിതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്തം മറന്ന് നാറാണത്ത് ഭ്രാന്തന്‍മാരായെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.


സേനയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് സേന നിലകൊള്ളേണ്ടത്. പക്ഷേ അത് ശബരിമലയില്‍ നടപ്പിലായില്ല. വിഷയവുമായി ബന്ധപ്പെട്ട് ശബരിമല സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാം മുറയും മോശമായ പെരുമാറ്റവും സേനയില്‍ വച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം നടപടികള്‍ തിരുത്താത്ത ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കാന്‍ ഡി.ജി.പി തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാത്രി പരിശോധനയും പെറ്റി കേസ് പിടിക്കുന്നതുമല്ല പോലീസിങ്. പോലീസ് പോലീസിന്‍റെ ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K