18 July, 2019 05:09:37 AM


ഹരീഷ് സാൽവെ: ഒരു രൂപ പ്രതിഫലത്തിന് കുൽഭൂഷണ്‍ കേസ് വാദിച്ചു ജയിച്ച ഇന്ത്യയുടെ 'സൂപ്പർ വക്കീല്‍'



ദില്ലി:  സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാൽവെ.  നെതർലാൻഡ്‌സിലെ ഹേഗിലുള്ള ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹരീഷിനെതിരെ പാക്കിസ്ഥാൻ അണിനിരത്തിയത് അവരുടെ തുറുപ്പുചീട്ടായ ഖാവർ ഖുറേഷിയെ ആയിരുന്നു. ചില്ലറക്കാരനല്ല ഖുറേഷി, ലണ്ടനിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്നും എൽഎൽഎം ബിരുദം നേടിയ ക്വീൻസ് കൗൺസൽ ആണ് അദ്ദേഹം. 

ഹരീഷ് സാൽവെയ്ക്ക് കേംബ്രിഡ്‌ജ് ബിരുദമൊന്നും ഇല്ലെന്നേയുള്ളൂ. അച്ഛന്‍റെ വഴി പിന്തുർന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായി എഴുപതുകളിൽ മുംബൈയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹരീഷിന് അഭിഭാഷകന്‍റെ കുപ്പായമണിയാനുള്ള മോഹം തോന്നുന്നത് അക്കാലത്തെ ടാക്സ് ലോയിലെ 'മള്ളൂർ' ആയിരുന്ന അഡ്വ. പാൽഖിവാലയുടെ കോടതി മുറിയിലെ മിന്നുന്ന പ്രകടനങ്ങൾ കണ്ടിട്ടാണ്. അദ്ദേഹത്തിന്‍റെ ജൂനിയർ ആയിട്ടാണ് 1980-ൽ ഹരീഷും എൻറോൾ ചെയ്ത് പ്രാക്ടീസ് തുടങ്ങുന്നത്. 

ഇന്ന് ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്സേഷൻ, കമേഴ്‌സ്യൽ നിയമങ്ങളിൽ അദ്ദേഹത്തെക്കാൾ അവഗാഹമുള്ള, വാദിക്കാൻ അറിയുന്ന മറ്റൊരു അഭിഭാഷകനില്ല. ഒരൊറ്റ സിറ്റിംഗിന് ആറു മുതൽ പതിനഞ്ചു വരെ ലക്ഷം പ്രതിഫലം വാങ്ങുന്ന സാൽവെ കുൽഭൂഷന്‍റെ കേസ് വളരെ ശ്രമകരമായിത്തന്നെ ഹേഗിൽ വാദിച്ചത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിക്കൊണ്ടാണ്. സുഷമാസ്വരാജ് ആണ് സാൽവെയുടെ പ്രതിഫല വിവരം ട്വീറ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K