19 July, 2019 05:28:51 PM


കനത്ത മഴ തുടരുന്നു: അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം. ഇടുക്കി ജില്ലയിലെ പാംബ്ല (ലോവർ പെരിയാർ), കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഇതേത്തുടർന്ന് പെരിയാറിന്റെയും മൂവാറ്റുപഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്നുമുതൽ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്നു മുതൽ കോട്ടയം ജില്ലയിൽ മൂന്നു ദിവസത്തേക്ക് എല്ലാതരം ഖനനത്തിനും നിരോധനം ഏർപ്പെടുത്തി. പത്തനംതിട്ടയിലും കൊല്ലത്തുമായി രണ്ടു പേർ മരിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ജൂലൈ 20 ന് കാസർഗോഡ് , ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലീ മീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂലൈ 20 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, ജൂലൈ 21ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂർ എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K