21 July, 2019 04:27:00 PM


ആറു മാസം വെള്ളത്തിലും ആറു മാസം കരയ്ക്കുമായി ഒരു കുടുംബം; 3 പെണ്‍കുട്ടികളുമായി ഒരച്ഛന്‍ വലയുന്നു



കോട്ടയം: ആറു മാസം വെള്ളത്തിലും, ആറു മാസം കരയ്ക്കും ജീവിക്കുന്ന ഒരു കുടുംബം. രണ്ടു ദിവസം ശക്തമായി മഴ പെയ്താല്‍ അച്ഛനും അമ്മയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിനത് പ്രളയം വരുന്നത് പോലെയാണ്. ഏറ്റുമാനൂര്‍ പുന്നത്തുറ കമ്പനികടവ് - തിരുമ്പമ്പാടി റോഡരികില്‍ താമസിക്കുന്ന പേരുക്കുന്നേല്‍ രാജപ്പന്‍ - തുളസി ദമ്പതികള്‍ക്കും മൂന്നു പെണ്‍കുട്ടികള്‍ക്കും വളരെ സങ്കീര്‍ണമാണ് ജീവിതം. 


പറയുമ്പോള്‍ വീടുണ്ട്. പക്ഷെ മഴക്കാലമായാല്‍ ഒന്ന് ഉറങ്ങുവാന്‍ ഇവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പ് തന്നെ ശരണം. പക്ഷെ അവിടെയും ഒറ്റപ്പെടലാണ്. കാരണം ഇതുപോലെ ദുരിതം അനുഭവിക്കുന്നവര്‍ വേറെയാരുമില്ലന്നത് തന്നെ. വര്‍ഷകാലമല്ലെങ്കില്‍ കൂടി റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും ഭീഷണിയാണ് മീനച്ചിലാറിനടുത്ത് താമസിക്കുന്ന ഈ കുടുംബത്തിന്. കഴിഞ്ഞ 19 വര്‍ഷമായി മൂന്നു പെണ്‍കുട്ടികളുമായി ഇവര്‍ ഈ ദുരിതക്കയത്തിലാണ് ജീവിക്കുന്നത്. 


രാജപ്പന്റെ അമ്മ കുട്ടിയമ്മയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്താണ് രാജപ്പന്റെ വീട് സ്ഥിതി ചെയ്യുന്നത്. അയര്‍കുന്നം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുന്നത്തുറ കമ്പനികടവ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വീടിന് മുകളിലൂടെ പഞ്ചായത്ത് റോഡും താഴെ തൊട്ടടുത്ത് ഇഷ്ടികക്കളവുമാണ്. നല്ലൊരു മഴ പെയ്താല്‍ റോഡില്‍ നിന്ന് വെള്ളം കവിഞ്ഞ് വീട്ടിലേക്ക് ഒഴുകും. ഇഷ്ടികകളത്തിലെ വന്‍ കുഴികള്‍ നിറഞ്ഞുകവിയുന്ന വെള്ളം വേറെയും. വീടിന് തൊട്ട് മുകളില്‍ റോഡിലെ കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളം ടിപ്പറുകളും മറ്റു വാഹനങ്ങളും ചീറിപ്പായുമ്പോള്‍ തെറിച്ച് വീഴുന്നത് വീടിനുള്ളിലേക്ക്. വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി വഴിയില്‍ വാഴ നട്ടിരിക്കുകയാണിപ്പോള്‍.


മഴ കനത്ത് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ രാജപ്പന്‍റെ വീടും വെള്ളത്തിനടിയിലായി. ഡിഗ്രി, ഐടിഐ, ടിടിസി വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുമായി വീട്ടില്‍ കിടന്നുറങ്ങാനാകാതെ വലയുകയാണ് രാജപ്പനും ഭാര്യയും. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളാപ്പള്ളി സ്‌കൂളിലാണ് ഈ കുടുംബം ഒറ്റയ്ക്ക് അന്തിയുറങ്ങിയത്. ദുരിതാശ്വാസക്യാമ്പായിട്ടല്ല അവിടെ എത്തിയത്. രാത്രി കിടന്നുറങ്ങിയ ശേഷം വെളുപ്പിനെ വീണ്ടും വെള്ളം കയറിയ വീട്ടിലേക്ക്. ഇതിനിടെ ഇഴജന്തുക്കളുടെ ഉള്‍പ്പെടെ ശല്യവും. 


കൂലിപ്പണിക്കാരനായ രാജപ്പന് റേഷന്‍ പോലും അടുത്ത കാലത്ത് കൃത്യമായി ലഭിക്കുന്നുണ്ടായിരുന്നില്ല. റേഷന്‍ കാര്‍ഡ് എപിഎല്‍ ആയിരുന്നു എന്നത് തന്നെ കാരണം. അടുത്തിടെയാണ് അത് ബിപിഎല്‍ ആയി മാറിയത്. കഴിഞ്ഞ പ്രളയത്തിന് വെള്ളം കയറി വീടിന് അല്‍പം കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീട് സ്വന്തമാണെങ്കിലും സ്ഥലം അമ്മയുടെ പേരിലായതിനാല്‍ ഒരു സഹായവും എവിടെനിന്നും ലഭിക്കുന്നില്ലെന്നതാണ് ഇപ്പോള്‍ രാജപ്പന്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം.


ഇതിനിടെ രമേശ് കിടങ്ങൂര്‍ എന്ന വ്യക്തി തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രാജപ്പന്‍റെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ചിരുന്നു. രാജപ്പനെയും കുടുംബത്തെയും വെള്ളത്തില്‍ നിന്ന് ശാശ്വതമായി രക്ഷിക്കാനുള്ള ഒരു മാര്‍ഗമായി ചൂണ്ടികാണിക്കപ്പെടുന്നത് നിലവിലെ വീടിനുമുള്ളില്‍ അലുമിനിയം ഷീറ്റ് പോലുള്ളവ ഉപയോഗിച്ച് ഒരു ഷെഡ് നിര്‍മ്മിക്കുക എന്നതാണ്. എന്നാല്‍ സ്വന്തം വീടിന് നല്ലൊരു കതക് പോലും വെയ്ക്കാന്‍ മാര്‍ഗമില്ലാതെ വലയുന്ന രാജപ്പന് ഇതും ഒരു പ്രശ്നം തന്നെയാണ്.  കുറെപേര്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട് എങ്കിലും ഷെഡ് നിര്‍മ്മാണത്തിന് വീടിന്‍റെ മുകളിലൂടെയുള്ള വൈദ്യുതി ലൈന്‍ തടസമാവുകയാണ്. ബൈദ്യുതി ബോര്‍ഡും ഗ്രാമപഞ്ചായത്തും ഒരുപോലെ മനസ് വെച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമായേക്കും.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K