26 July, 2019 04:21:50 AM


മഹാകവി കുമാരനാശാന്‍റെ എട്ട് അടി പൊക്കമുള്ള വെങ്കലപ്രതിമ കൊല്ലം ബോട്ടു ജെട്ടിയില്‍ ഉയരും




കൊല്ലം: മഹാകവി കുമാരനാശാന്‍റെ പാദമുദ്ര അവസാനമായി പതിഞ്ഞ കൊല്ലം ബോട്ടു ജെട്ടിയില്‍ എട്ട് അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ച്‌ റവന്യൂ വകുപ്പ് ഉത്തരവിറക്കി. മഹാകവിയുടെ സ്മാരകം നിര്‍മ്മിക്കാനായി കൊല്ലത്തെ കാവ്യകൗമുദി സാഹിത്യസമിതിക്കാണ്‌ ബോട്ടു ജെട്ടിക്ക് കിഴക്കായും അഷ്ടമുടി കായലിന് തെക്കായുമുള്ള 10 ചതുരശ്രമീറ്റര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചത്.


1924 ജനുവരി 16ന് കൊല്ലം ബോട്ടുജെട്ടിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള റഡീമര്‍ ബോട്ടുയാത്രയ്ക്കിടെ പല്ലനയില്‍ വച്ചാണ് ആശാന്‍ ബോട്ടു മുങ്ങി മരിച്ചത്. സ്‌മാരകം നിര്‍മ്മിക്കാന്‍ കൊല്ലം കോര്‍പറേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്‌ജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. കേരള സര്‍വകലാശാലയ്ക്കു മുന്നില്‍ കിഴക്കന്‍ ചക്രവാളത്തിലേക്ക് വിരല്‍ചൂണ്ടിയുള്ള ആശാന്‍റെ വെങ്കലപ്രതിമ 1973 ഏപ്രിലില്‍ സ്ഥാപിച്ചെങ്കിലും ദീര്‍ഘകാലത്തെ കര്‍മ്മ മണ്ഡലമായിരുന്ന കൊല്ലം ജില്ലയില്‍ സ്‌മാരകമുണ്ടായിരുന്നില്ല.


ആശാന്‍ പ്രതിമയ്ക്കായി കൊല്ലം ബോട്ടുജെട്ടിക്ക് സമീപം സ്ഥലം വേണമെന്ന് സാഹിത്യസമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കൊല്ലം താലൂക്ക് ഈസ്റ്റ് വില്ലേജില്‍പെട്ട, ബി.ടി.ആര്‍ പ്രകാരം പുറമ്പോക്ക് എന്ന് രേഖയിലുള്ള ബോട്ടുജെട്ടിയുടെ സ്ഥലമാണ് ഇതിനായി കളക്ടര്‍ കണ്ടെത്തിയത്. താലൂക്ക് കച്ചേരി ജംഗ്ഷനില്‍ നിന്ന് ആശ്രാമത്തേക്കുള്ള ലിങ്ക് റോഡില്‍ കെ.എസ്.ആര്‍.ടി.സി റോഡിന് എതിര്‍വശത്തായുള്ള സ്ഥലം അനുവദിക്കാമെന്ന് കൊല്ലം ഡി.ടി.പി.സി സെക്രട്ടറിയും കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറിയും ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ചീഫ് എന്‍ജിനിയറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


സ്ഥലത്തിന്‍റെ കമ്പോളവില 19.20 ലക്ഷം രൂപയാണ്. അതിന്‍റെ 0.5 ശതമാനം തുക പ്രതിവര്‍ഷം പാട്ടത്തുകയായി നിശ്ചയിച്ച്‌ ഭൂമി നല്‍കാനാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. പ്രതിവര്‍ഷം 960 രൂപയാണ് പാട്ടത്തുക. മുനിസിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഭൂമി അനുവദിച്ചത്. ഈ ഭൂമിയില്‍ മറ്റു നിര്‍മ്മാണങ്ങള്‍ പാടില്ലെന്നും ഭൂമി പാട്ടത്തിന് നല്‍കാനോ ദുരുപയോഗപ്പെടുത്താനോ പണയപ്പെടുത്താനോ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ പ്രതിമ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും അഡി. സെക്രട്ടറി ടെസി പി.ജോസ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K