26 July, 2019 05:01:38 PM


'വിളവ് 2019': കര്‍ഷക അവാര്‍ഡിന് അപേക്ഷകള്‍ ആഗസ്ത് 5 വരെ; മത്സരങ്ങള്‍ക്കും 5 വരെ രജിസ്റ്റര്‍ ചെയ്യാം

ഏറ്റുമാനൂര്‍: 'വിളവ് 2019' കാര്‍ഷികോത്സവം കര്‍ഷകദിനമായ ആഗസ്ത് 17ന് ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ 51 കര്‍ഷകരെ ആദരിക്കുന്നതു കൂടാതെ കര്‍ഷകര്‍ക്കായി വിവിധ മത്സരങ്ങളും സെമിനാറും കലാപരിപാടികളും സമ്മേളനവും നടക്കും. രാവിലെ 8ന് കളിവിളക്ക് തെളിയിച്ച ശേഷം പൂക്കളമത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. ഓലമെടയല്‍, കറിക്ക് അരിയല്‍, തേങ്ങാ ചിരകല്‍, തീറ്റമത്സരം, കാര്‍ഷിക വേഷ പ്രശ്ചന്നമത്സരം, തിരുവാതിര തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വളം, പച്ചക്കറി വിത്തുകള്‍, തൈകള്‍ ഇവയുടെ വിതരണവും ഉണ്ടാവും. 

കൃഷിയില്‍ വ്യത്യസ്ത തലങ്ങളില്‍ മികവ് തെളിയിച്ച കര്‍ഷകര്‍ക്കാണ് പ്രത്യേക പുരസ്കാരം. നെല്ല്, പച്ചക്കറി, വാഴ, തെങ്ങ്, സമ്മിശ്രം, ക്ഷീരം എന്നീ മേഖലകള്‍ക്കു പുറമെ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും യുവാക്കള്‍, വനിതകള്‍, വിദ്യാര്‍ത്ഥി എന്നീ വിഭാഗക്കാര്‍ക്കും പുരസ്കാരമുണ്ട്. നഗരസഭയിലെ 35 വാര്‍ഡില്‍ നിന്നും വീട്ടില്‍ അടുക്കളതോട്ടം ഉണ്ടാക്കിയ വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവരെയും അവാര്‍ഡിനായി പരിഗണിക്കും. ഏറ്റവും പ്രായം ചെന്ന കര്‍ഷകരില്‍ നിന്ന് കര്‍ഷകമുത്തശ്ചനെയും മുത്തശ്ശിയെയും കണ്ടെത്തി ആദരിക്കും. 

നഗരസഭാ ചെയര്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ അധ്യക്ഷതയില്‍ ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കര്‍ഷക അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്യും. അവാര്‍ഡിന് പരിഗണിക്കപ്പടാനാഗ്രഹിക്കുന്നവര്‍ ആഗസ്ത് 5ന് മുമ്പ് ഏറ്റുമാനൂര്‍ കൃഷി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വാര്‍ഡ് കൌണ്‍സിലര്‍മാര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, പാടശേഖരസമിതി ഉള്‍പ്പെടെയുള്ള കര്‍ഷകകൂട്ടായ്മകള്‍ എന്നിവര്‍ക്കും കര്‍ഷകരുടെ പേരുകള്‍ അവാര്‍ഡിനായി നിര്‍ദ്ദേശിക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരും ആഗസ്ത് 5ന് മുമ്പ് കൃഷി ഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസറും പരിപാടികളുടെ ജനറല്‍ കണ്‍വീനറുമായ വി.ജെ.കവിത അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K