26 July, 2019 07:20:03 PM


കണ്ടല്‍ വന സംരക്ഷണത്തിന് പ്രത്യേക സംവിധാനം പരിഗണനയില്‍: മന്ത്രി അഡ്വ കെ രാജു



തിരുവനന്തപുരം: കണ്ടല്‍വനങ്ങളുടെ സംരക്ഷണത്തിനും വിപൂലീകരണത്തിനും സംസ്ഥാനത്ത്  പ്രത്യേക സംവിധാനം ഒരുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വനം വന്യജീവി മന്ത്രി അഡ്വ കെ രാജു. ഇതിനായി കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഇക്കോസിസ്റ്റം സെല്ലും കേരള മറൈന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും രൂപീകരിക്കണമെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. കണ്ടല്‍വന ദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അപ്പോളോ ടയേഴ്‌സും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ ഏകദിന സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കാന്‍ കഴിവുള്ള, തീരസംരക്ഷണത്തില്‍ ഹരിതമതിലായി പ്രവർത്തിക്കുന്നതും മത്സ്യങ്ങളുടെയും ചെറുജീവികളുടെയും ആവാസവ്യവസ്ഥയുമായ  കണ്ടല്‍ക്കാടുകളുടെ വിസ്തൃതിയില്‍ വന്‍ ശോഷണമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് 1700 ച കിമീ കണ്ടലുണ്ടായിരുന്ന സംസ്ഥാനത്ത്  ഇപ്പോള്‍ 21.2 ച.കിമീ കണ്ടല്‍ വനങ്ങള്‍ മാത്രമാണുള്ളത്. ഇതില്‍ 4.40 ച കി മീ വനങ്ങളുടെ സംരക്ഷണം  ഉറപ്പാക്കി കഴിഞ്ഞു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈയ്യിലുള്ള 235 ഹെക്ടര്‍ കണ്ടല്‍ക്കാടുകളെ റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള 925 ഹെക്ടര്‍ വനം പ്രതിഫലം നല്കി ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ മിഷന്‍ മാന്‍ഗ്രൂവ് പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 234 ഹെക്ടര്‍ വനം റിസര്‍വ് ഫോറസ്റ്റായും കോഴിക്കോട് 2.8, കാസര്‍ഗോഡ് 54.7, തൃശ്ശൂരില്‍ 3.39 മലപ്പുറത്ത് 20.78ഉം ഹെക്ടര്‍ വനങ്ങള്‍ പ്രപ്പോസ്ഡ് റിസര്‍വായും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രദേശികമായി ഏറെ ലഭ്യമായിരുന്ന മത്തിപോലും ഇന്ന് കേരളതീരം വിട്ടുപോയതായാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം മത്സ്യങ്ങളുടെപ്രജനനകേന്ദ്രമാണ് കണ്ടല്‍ വനങ്ങള്‍. ഒരു ഹെക്ടര്‍ കണ്ടലുണ്ടെങ്കില്‍ വലിയൊരളവു വരെ മത്സ്യസമ്പത്തിനെ സംരക്ഷിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു കൂടാതെ കരിങ്കല്‍ ഭിത്തികളെക്കാള്‍ തീരസംരക്ഷണത്തിന് കണ്ടല്‍ വനങ്ങള്‍ ഉപകാരപ്രദമാണെന്നും സുനാമികളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാന്‍ അവയ്ക്കാവുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനായി തീരവനം ഹരിതവനം തുടങ്ങിയ പദ്ധതികള്‍ വനംവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ശുദ്ധവായുവിനും ശുദ്ധജലത്തിനുമായി മനുഷ്യന്‍ പരക്കംപായുമ്പോള്‍ ഇത്തരം ഹരിത തീരങ്ങള്‍ പരിപാലിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്ഥായിയായ ജനപങ്കാളിത്തത്തോടെ മാത്രമേ കണ്ടല്‍ വനസംരക്ഷണവും വ്യാപനവും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും കണ്ടല്‍ക്കാടുകളുണ്ടെന്നും അവയെല്ലാം നിലവിലെ കണക്കെടുപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യ വനം മേധാവി പി.കെ.കേശവന്‍ പറഞ്ഞു. സംസ്ഥാനവ്യാപകമായി കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ സര്‍വേയില്‍ 2100 ഹെക്ടര്‍ കണ്ടല്‍ വനങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 1100 ഹെക്ടർ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമാണുള്ളത്. ഇവയ്ക്ക് നിയമപരിരക്ഷ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 

വിവിധ വിഷയങ്ങളില്‍ മഹാരാഷ്ട്ര വനംവകുപ്പ് മാന്‍ഗ്രോവ് സെല്‍ എ പി സിസി എഫ്  എന്‍ വാസുദേവന്‍, ഡ്ബ്ല്യൂ ടി ഐ എക്‌സിക്യൂട്ടീവ് ട്രസ്റ്റി പ്രൊഫ ബി സി ചൗധരി തുടങ്ങിയവര്‍  ക്ലാസുകള്‍ നയിച്ചു. കണ്ടല്‍ വന സംരക്ഷണത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍  വനംവന്യജീവി വകുപ്പ് അഡീഷണ്ല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ മോഡറേറ്ററായിരുന്നു. ഹോട്ടൽ അപ്പോളോ സിമോറയിൽ നടന്ന ശില്പശാലയിൽ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രര്‍ കുമാര്‍, അപ്പോളോ ടയേഴ്‌സ്  സി എസ് ആര്‍ മേധാവി റിനികാ ഗ്രോവര്‍ തുടങ്ങിയവരും സംസാരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K