27 July, 2019 02:35:39 PM


കൂടുതൽ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ശുപാർശ; വിജിലൻസിനെ വെട്ടി ധനകാര്യ വകുപ്പ്



തിരുവനന്തപുരം: വിജിലന്‍സ് അഭിഭാഷകരെ നിയമോപദേശകരെന്നും പ്രൊസിക്യൂട്ടര്‍മാരെന്നും തരം തിരിക്കാനായി അധിക തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട്  ആഭ്യന്തരവകുപ്പ് സമര്‍പ്പിച്ച ഫയൽ  സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ്  മടക്കി. ഇതോടെ വിജിലന്‍സ് കേസുകളുടെ അന്വേഷണവും നടത്തിപ്പും പ്രതിസന്ധിയിലായി. നിയമോപദേശം നൽകുന്ന അഭിഭാഷകർ തന്നെ കേസുകള്‍ വാദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പിന്നാലെയാണ് നിയമോപദേശകരെന്നും പ്രൊസിക്യൂട്ടര്‍മാരെന്നും അഭിഭാഷകരെ തരം തിരിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ വിജലിന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന്, നിര്‍ദ്ദേശം നടപ്പാക്കാനായി നാല് നിയമോപദേശകരുടെ പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശയോടെയാണ് ആഭ്യന്തര സെക്രട്ടറി ധനവകുപ്പിന് ഫയൽ കൈമാറിയത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു ധനവകുപ്പിനോട് ആവശ്യപ്പെട്ടത്.

ഈ ഫയലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് മടക്കിയത്. തീരുമാനം വൈകിയാൽ വിജിലൻസ് കേസുകളെ സാരമായി ബാധിക്കുമെന്ന കുറിപ്പോടെ ആഭ്യന്തരവകുപ്പ് ഫയൽ വീണ്ടും ധനവകുപ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജിലൻസ് നിയമോപദേശകര്‍ രേഖാമൂലം ഉപദേശം നല്കുന്നില്ല. ഇതോടെ അഴിമതി കേസുകളുടെ  അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K