29 July, 2019 07:46:29 PM


ഹോട്ടല്‍ ജീവനക്കാരനായ മധ്യവയസ്കന്‍ ഏറ്റുമാനൂരില്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍



ഏറ്റുമാനൂര്‍: ഹോട്ടല്‍ ജീവനക്കാരനായ മധ്യവയസ്കന്‍ ഏറ്റുമാനൂരില്‍ നഗരമധ്യത്തിലെ തോട്ടില്‍ വീണ് മരിച്ചു. അമ്പത് വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേര് രാജന്‍ എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ പേരൂര്‍കവലയിലെ ഒരു ഹോട്ടലില്‍ ഇയാള്‍ ജോലിക്ക് നിന്നിരുന്നതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ ചിറക്കുളത്തിന് സമീപം സെമിനാരി റോഡിലെ കലുങ്കില്‍ നിന്ന് വാണായിരുന്നു അപകടം. 


നഗരസഭാ ആസ്ഥാനത്തിന് പിന്നിലുള്ള ആക്രികടയില്‍ സൈക്കിള്‍ വില്‍ക്കാനായി ഇയാള്‍ രാവിലെ ചെന്നിരുന്നുവത്രേ. ഒരു സൈക്കിളിന്‍റെ പിന്നില്‍ ഒരു മുചക്ര സൈക്കിളും കെട്ടിവെച്ചാണ് ഇയാള്‍ ചെന്നത്. തുടര്‍ന്ന് തൊട്ടുചേര്‍ന്നുള്ള കലുങ്കില്‍ വന്നിരുന്ന ഇയാള്‍ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ചിറക്കുളത്തിന് സമീപമുണ്ടായിരുന്ന നാടോടികള്‍ ഇയാള്‍ വീഴുന്നതു കണ്ടിരുന്നുവത്രേ. കുറെ കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതായതോടെ ചെന്ന് നോക്കിയപ്പോളാണ് മരിച്ചതായി കണ്ടെത്തിയത്. തലയടിച്ചുവീണതാകാം മരണകാരണമെന്ന് അനുമാനിക്കുന്നതായി ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായര്‍ പറഞ്ഞു..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K