30 July, 2019 02:31:28 PM


ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകി; പരിശോധനാഫലം രണ്ടാഴ്ചക്കകം



മുംബൈ: ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകി. ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. ഡിഎൻഎ ഫലം വന്നാൽ രഹസ്യ രേഖ എന്ന നിലയിൽ ഇത് മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.


നേരത്തേ മുൻ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു.


എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ മുൻകൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K