30 July, 2019 04:32:09 PM


എസ് എം കൃഷ്ണയുടെ മരുമകനും 'കഫേ കോഫി ഡേ' സ്ഥാപകനുമായ വിജി സിദ്ധാര്‍ത്ഥയെ കാണാതായി



ബംഗ്‌ളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനുമായ വിജി സിദ്ധാര്‍ത്ഥയെ മംഗളൂരുവില്‍ വച്ച് കാണാതായി. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ ഒരാളായ സിദ്ധാര്‍ത്ഥ ഇന്നലെ ചിക്കമംഗളുരുവിലേക്ക് ബിസിനസ് സംബന്ധമായി യാത്ര തിരിച്ച് അവിടുന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. എസ്എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ത്ഥ്‌.

മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരുവിലെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. അവസാനമായി കണ്ടത് നേത്രാവതി നദിക്കരികില്‍ വച്ചാണെന്നു റിപ്പോര്‍ട്ടുകളുള്ളതിനാല്‍ നദിയില്‍ രാവിലെ മുതൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീൻപിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. 


ഇന്നലെ പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ നേത്രാവതിപ്പുഴയിൽ കനത്ത അടിയൊഴുക്കുണ്ട്. ഇത് രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തുന്നുണ്ട്. തെരച്ചിലിന് കർണാടക സർക്കാർ കേന്ദ്രസഹായം തേടിയിട്ടുണ്ട്. കേരള കോസ്റ്റൽ ഗാർഡ് പൊലീസും രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നുണ്ട്. തീരമേഖലകളിലായി കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുന്നുമുണ്ട്. 


ഇതിനിടെ തന്നെ ആദായനികുതി വകുപ്പ് വേട്ടയാടിയെന്ന കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാർത്ഥയുടെ ആരോപണം തള്ളി ആദായനികുതി വകുപ്പ് രംഗത്തെത്തി. സിദ്ധാർത്ഥയ്ക്ക് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും, എല്ലാ നടപടികളും നിയമപ്രകാരം മാത്രമാണ് സ്വീകരിച്ചതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. കഫേ കോഫി ഡേയിലെ ജീവനക്കാർക്കായി സിദ്ധാർത്ഥ എഴുതിയ സന്ദേശമെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമല്ലെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാലിത് ആദായ നികുതി വകുപ്പ് തള്ളുന്നു.


കത്തിന്‍റെ ആധികാരികതയിൽ സംശയമുണ്ടെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സിദ്ധാർഥയിലേക്ക് അന്വേഷണം എത്തിയത് കർണാടകത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്‍റെ വീട്ടിൽ നടന്ന റെയ്‍ഡിനെത്തുടർന്നാണെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. 480 കോടിയോളം കണക്കിൽ പെടാത്ത വരുമാനം ഉണ്ടാക്കിയെന്ന് സിദ്ധാർഥ സമ്മതിച്ചിരുന്നു. 


കേസുമായി ബന്ധപ്പെട്ട് ഓഹരി വ്യാപാരം തടസ്സപ്പെടുത്തിയതിനാൽ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത നിലയിലാണെന്ന് സിദ്ധാർത്ഥ ജീവനക്കാർക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഓഹരി ഇടപാട് തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഉപാധികൾ വച്ച് ഇടപാടുകൾക്ക് അനുമതി നൽകിയിരുന്നതായും ആദായ നികുതി വകുപ്പിന്‍റെ വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.


സിദ്ധാർത്ഥയെ കാണാതായ സാഹചര്യത്തിൽ കഫേ കോഫി ഡേയുടെ മാനേജ്‍മെന്‍റ് ബോർഡ് അടിയന്തരയോഗം വിളിച്ചു. നിലവിലുണ്ടായ സാഹചര്യത്തിൽ ബോ‍ർഡ് നടുക്കം രേഖപ്പെടുത്തി. സിദ്ധാർത്ഥ ഒപ്പിട്ടതെന്ന് പറയുന്ന കത്തിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള മൈൻഡ് ട്രീ എന്ന കമ്പനിയുടെ ഷെയറുകൾ ആദായനികുതി വകുപ്പ് നോട്ടീസില്ലാതെ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സിദ്ധാർത്ഥയുടെ കീഴിലുള്ള മൈൻഡ് ട്രീ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K