03 August, 2019 01:44:16 PM


ശ്രീറാം വെങ്കിട്ടരാമന്‍റെ അറസ്റ്റിലേക്ക് പൊലീസ് നീക്കം; ആദ്യമൊഴി മാറ്റിപറഞ്ഞ് വഫ ഫിറോസ്

വാഹനമോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞത് ശ്രീറാമിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് വഫ ഫിറോസ്



തിരുവനന്തപുരം: സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരണപ്പെടാനിടയായ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കുരുക്കിലേക്ക്. അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പൊലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. 

നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ മ്യൂസിയം പൊലീസിട്ട ആദ്യത്തെ എഫ്ഐആറില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തത്. 

വാഹനം ഓടിച്ചയാളുടെ അശ്രദ്ധ മൂലമുണ്ടായ അപകടം എന്നല്ലാതെ ശ്രീറാമിന്‍റേയോ സുഹൃത്ത് വഫയുടേയോ പേര് എഫ്ഐആറില്‍ പറയുന്നില്ല. എന്നാല്‍ കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പൊലീസ് ശ്രീറാമിനേയും പ്രതി ചേര്‍ക്കും എന്നാണ് സൂചന. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ ഐപിസി 185 വകുപ്പ് ചുമത്തി പൊലീസ് ശ്രീറാമിനെതിരെ കേസെടുക്കും. 

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണിത്. എഫ്ഐആറില്‍ പ്രതിയാവുന്ന പക്ഷം സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാമിന് സസ്പെന്‍ഷന്‍ ലഭിച്ചേക്കാം എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം, വാഹനമോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞത് ശ്രീറാമിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് വഫ ഫിറോസ് സൂചിപ്പിച്ചതായും റിപ്പോർട്ട്. അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. പിന്നീട് മൊഴി മാറ്റിപ്പറയുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ആദ്യം തന്നെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K