06 August, 2019 07:38:14 PM


ജാമ്യം കിട്ടിയാലും വെറുതെ വിടില്ല; ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകും



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വണ്ടിയിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ലഭിച്ച ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. മദ്യപിച്ച് വാഹനമോടിച്ചു എന്നതിനെ സാധൂകരിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. സാക്ഷിമൊഴികള്‍ മാത്രം ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ തീരുമാനം. 


അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഭാഗങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.


ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് കേസില്‍ സിറാജ് മാനേജ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് വാദിഭാഗം കോടതിയില്‍ പറഞ്ഞു. കേസില്‍ നിര്‍ണായക തെളിവായി മാറേണ്ട രക്തപരിശോധന പോലീസിന്‍റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. 


അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും ചെയ്യേണ്ട രക്തപരിശോധനയാണ്  പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ പോലീസുകാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഇടപെടലുകള്‍  ഉണ്ടായിട്ടുണ്ടെന്ന സംശയിക്കുന്നതായും വാദിഭാഗം കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും വാദിഭാഗം ആവശ്യമുന്നയിച്ചു. വാദി ഭാഗത്തിനായി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായര്‍ ഹാജരായി. 


കേസില്‍ കോടതി നേരത്തെ റിമാന്‍ഡ്  ചെയ്ത ശ്രീറാം ഇപ്പോള്‍ തിരുവനന്തപും മെഡി. കോളേജിലെ ട്രോമാ കെയര്‍ സെല്ലിലാണ് കഴിയുന്നത്. ജാമ്യം കിട്ടിയതോടെ അദ്ദേഹത്തിന് ആശുപത്രി വിടാനും തിരിച്ച് കിംസ് ആശുപത്രിയിലേക്ക് പോകാനും സാധിക്കും. കേസില്‍ പ്രതിയായി റിമാന്‍ഡിലായതോടെ ശ്രീറാമിനെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K