07 August, 2019 08:34:44 PM


'ഇനി മുതല്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുന്നതല്ല'; പ്രതിഷേധവുമായി ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറി




ഏറ്റുമാനൂര്‍: 'ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറി ഇനി മുതല്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുന്നതല്ല'. നഗരസഭാ സെക്രട്ടറിയുടെ മുറിയിലേക്ക് കടന്നു ചെല്ലുന്നവരെ ഇപ്പോള്‍ സ്വീകരിക്കുന്നത് വാതില്‍പാളിയില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന ഈ പോസ്റ്ററുകളാണ്. വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കിയില്ലെന്ന പേരില്‍ തന്നെ ക്രൂശിക്കാനൊരുങ്ങിയ ഭരണാധികാരികള്‍ക്കുള്ള മറുപടിയും പ്രതിഷേധവും കൂടിയായാണ് സെക്രട്ടറിയുടെ ഈ അറിയിപ്പ്.


കോണ്‍ഗ്രസിലെ പ്രമുഖ കൌണ്‍സിലര്‍ പരിചയപ്പെടുത്തിയ യുവതിയുവാക്കള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കാന്‍ സെക്രട്ടറി വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നുണ്ടായ പൊട്ടിതെറികള്‍ കൌണ്‍സില്‍ യോഗങ്ങളില്‍ ബഹളത്തിനും കാരണമായി. ഇതിനിടെ ഭരണ-പ്രതിപക്ഷഭേദമെന്യേ സംഘടിച്ച ഏതാനും അംഗങ്ങള്‍ സെക്രട്ടറിക്കും സൂപ്രണ്ടിനും എതിരെ 19 ആരോപണങ്ങള്‍ ഉന്നയിച്ച് ചെയര്‍മാന് പരാതിയും നല്‍കിയിരുന്നു. സെക്രട്ടറിയെ നഗരസഭയില്‍ നിന്നും തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കങ്ങള്‍. ഇത് കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ ചെയര്‍മാനെതിരെയുള്ള ഒരായുധമാക്കി കോണ്‍ഗ്രസ് മാറ്റുകയും ചെയ്തു.


പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇനി ആര്‍ക്കും അറ്റസ്റ്റ് ചെയ്ത് നല്‍കില്ലെന്ന അറിയിപ്പ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. തനിക്ക് പരിചയമില്ലാത്ത ആളുകളുടെ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റും സാക്ഷ്യപ്പെടുത്തുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെക്രട്ടറിയുടേത്. ഒരു സ്‌കൂല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നത് പോലല്ല ഇതെന്ന സെക്രട്ടറിയുടെ നിലപാടിനോട് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ യോജിക്കുന്നുമുണ്ടായിരുന്നു. ഇതോടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും സാക്ഷ്യപ്പെടുത്തുവാന്‍ നഗരസഭയില്‍ എത്തുന്നവര്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സമീപിച്ചു തുടങ്ങി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K