09 August, 2019 11:54:34 PM


ഗാന്ധിസ്മരണയ്ക്കു മുന്നില്‍ മാന്നാനം കെ.ഈ. സ്കൂള്‍; പ്രതിമ അനാശ്ചാദനം ആഗസ്ത് 15ന്




കോട്ടയം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും പത്നിയുടെയും 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് മാന്നാനം കെ.ഈ.സ്കൂളില്‍ ഗാന്ധിസ്മാരകം ഉയരുന്നു. ഇനി എല്ലാ വിദ്യാര്‍ത്ഥികളും ഗാന്ധിജിയെ സ്മരിച്ച് വേണം സ്കൂളിലേക്ക് പ്രവേശിക്കാന്‍ എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കവാടത്തിനരികില്‍ പ്രതിമ സ്ഥാപിക്കുന്നത്. 73-ാം സ്വാതന്ത്ര്യ ദിനാമാഘോഷിക്കുന്ന ആഗസ്ത് 15ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിമ അനാശ്ചാദനം ചെയ്യും.

സ്കൂള്‍ കവാടത്തിന് ഇടതു വശത്ത് സിമന്‍റില്‍ സ്ഥാപിച്ചിക്കുന്ന പ്രതിമയ്ക്ക് ഏഴ് അടിയാണ് ഉയരം. സ്കൂളില്‍ മുമ്പ് ചാവറ പിതാവിന്‍റെയും അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിക്കുന്ന കുട്ടികളുടെയും പ്രതിമകള്‍ സ്ഥാപിച്ച ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശി തോമസ് ജോസഫാണ് ശില്‍പി. മൂന്ന് മാസം കൊണ്ട് പണി തീര്‍ത്ത ശില്‍പം സ്കൂളില്‍ കൊണ്ടുവന്ന് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ സ്ഥാപിക്കുകയായിരുന്നു. ഇനി ഏതാനും മിനുക്കുപണികളാണ് ബാക്കിയുള്ളത്.

1869 ഒക്ടോബര്‍ 2ന് കരംചന്ദ് ഗാന്ധിയുടെയും പുട്ലി ഭായിയുടെയും മകനായി ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെയും അദ്ദേഹത്തിന്‍റെ പത്നി കസ്തൂര്‍ബാ ഗാന്ധിയുടെയും 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണിത്. പോര്‍ബന്തറില്‍ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജന്‍വറിന്‍റെയും മകളായി 1869 ഏപ്രില്‍ 11ന് ജനിച്ച കസ്തൂര്‍ബ 1944 ഫെബ്രുവരി 22ന് മരണമടഞ്ഞു. 1947 ആഗസ്ത് 15ന്  സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ജനുവരി 30നാണ് ഗാന്ധിജി കൊല്ലപ്പെട്ടത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവിന്‍റെ സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകള്‍ ചരിത്രപുസ്തകങ്ങളില്‍ പഠിക്കുന്നതല്ലാതെ ഗാന്ധിജിയെ പുതുതലമുറ അറിയുന്നില്ലെന്നതാണ് ഇന്നത്തെ സ്ഥിതി. അതിനൊരു മാറ്റമെന്ന നിലയില്‍ അദ്ദേഹത്തെ എന്നും സ്മരിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണ് ഈ സംരംഭത്തെ കാണുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി പറയുന്നു. ഗാന്ധിജി ആരെന്ന് പോലും അറിയില്ലാത്ത നിലയിലേക്കാണ് ഇന്നത്തെ തലമുറ വളര്‍ന്നു വരുന്നത്. അദ്ദേഹത്തിന്‍റെ പാതകള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും എന്നും വഴികാട്ടിയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കലാലയങ്ങളില്‍ തുടങ്ങിവെയ്ക്കേണ്ടത് അത്യാവശ്യമാണെന്നും ഫാ.ജയിംസ് മുല്ലശ്ശേരി ചൂണ്ടികാട്ടി.

അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവിധ രാഷ്ട്രീയ - സൂമൂഹിക -സാംസ്കാരിക നേതാക്കള്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും. ഗാന്ധിജിയുടെ ബാല്യകാലത്തെ ആസ്പദമാക്കി എം.ജി.യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ എല്‍ദോ ജേക്കബ് നിര്‍മ്മിക്കുന്ന ഡോക്യുമെന്‍ററിയുടെ പൂജയും ഇതോടൊപ്പം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K