10 August, 2019 06:46:53 AM


വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 11 മരണം; ട്രയിനുകള്‍ റദ്ദാക്കി



ബംഗളുരു : വടക്കന്‍ കര്‍ണാടകയില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും 11 മരണം. ബെലഗാവി, ബാഗല്‍കോട്ട്, വിജയപുര, റായ്ച്ചൂര്‍ ജില്ലകളില്‍ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡ്, ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ദീര്‍ഘദൂര സര്‍വീസുകളടക്കം 18 ട്രെയിനുകള്‍ റദ്ദാക്കി.


ബെംഗളൂരു പുനെ ദേശീയപാത കോലാപൂരിന് സമീപം തകര്‍ന്നതിനെത്തുടര്‍ന്ന് ബെളഗാവി ജില്ല ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ചാര്‍മാടി ചുരം അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ ചുരത്തില്‍ പലയിടങ്ങളിലായി 100 കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ബെളഗാവി, ബാഗല്‍കോട്ട്, വിജയാപുര, റായ്ചൂര്‍, ഹുബ്ബള്ളി, ധാര്‍ഡവാട്, ചിക്കൊഡി, കാര്‍വാര്‍ ജില്ലകളില്‍ മിക്ക പ്രദേശങ്ങളും നാല് ദിവസമായി വെള്ളത്തിനടിയിലാണ്.


മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ട്കൂടി തുറന്ന് വിട്ടതിനെത്തുടര്‍ന്ന് കൃഷ്ണ നദിക്കുപുറമെ മാര്‍ക്കണ്ഡേയ, മാലപ്രഭ അടക്കം നാല് നദികള്‍ കൂടി കരകവിഞ്ഞൊഴുകുകയാണ്. ഒട്ടേറെ വീടുകളും പാലങ്ങളും ഒഴുകിപ്പോയി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. കുടക് ചിക്കമംഗളൂരു, ഹാസന്‍, ശിവമോഗ്ഗ, ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും മഴ തുടരുകയാണ്. അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K