13 August, 2019 01:12:14 PM


ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി ; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി




കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈകോടതി തള്ളി. ജാമ്യം അനുവദിച്ച തിരുവനന്തപുരം കോടതിയുടെ ഉത്തരവിനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യം റദ്ദാക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി കേസിലെ പോലീസ് ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.


ജാമ്യം നേടിയ ശ്രീറാം ഇന്നലെ ആശുപത്രി വിട്ടിരുന്നു. ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നു കോടതി വിലയിരുത്തി. ശ്രീറാം മദ്യപിച്ചതായി സാക്ഷിമൊഴി മാത്രമേയുള്ളൂ. പരിശോധനയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് നിയമാനുസൃണം സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി. കേരളാ പോലീസിന്റെ പ്രൊഫഷണലിസം ഇല്ലായ്മയെ ഒരിക്കല്‍ കൂടി വിമര്‍ശിച്ച കോടതി ഒരു മണിക്കൂര്‍ പ്രതിയെ കയ്യില്‍ കിട്ടിയിട്ടും ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്തില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശം എടുക്കണമെന്നും പറഞ്ഞു.


പോലീസിന്റെ കഴിവുകേട് ഹൈക്കോടതിയില്‍ തീര്‍ക്കാന്‍ നോക്കേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട ശേഷം ശ്രീറാം ഇന്നലെയാണ് ആശുപത്രി വിട്ടത്. അപകടത്തില്‍ കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു. നാലാഴ്ച വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കനത്ത ആഘാതങ്ങള്‍ മൂലം ശ്രീറാം സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായി ഓര്‍ത്തെടുക്കാനാകാത്ത സ്ഥിതിയിലാണെന്ന് നേരത്തേ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നാലു ദിവസം മുമ്പാണ് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും സ്‌റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും ശ്രീറാമിനെ മാറ്റിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K