15 August, 2019 01:14:18 PM


കാമുകിയെ ചൊല്ലി തര്‍ക്കം; യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥിയെ കൗമാരക്കാരന്‍ കൊലപ്പെടുത്തി




ദില്ലി: കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥിയെ കൗമാരപ്രായക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീവാസ്തവാണ് മരിച്ചത്. ദില്ലി പട്ടേല്‍ നഗറിലെ പാര്‍ക്കില്‍ വച്ചാണ് കൊലപാതകമുണ്ടായത്. അമന്‍ എന്ന കൗമാരക്കാരനാണ് കൊലപാതകം നടത്തിയത്.


ശ്രീവാസ്തവും ട്യൂഷന്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ അകന്നു. പെണ്‍കുട്ടിയെ അമന്റെയൊപ്പം കണ്ടെന്ന് തിങ്കളാഴ്ച സഹപാഠി ശ്രീവാസ്തവിനെ അറിയിച്ചു. അമനും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രവും സുഹൃത്ത് ശ്രീവാസ്തവിനെ കാട്ടി. അന്ന് വൈകിട്ട് ശ്രീവാസ്തവും സുഹൃത്തുക്കളായ രണ്ട് പേരും ചേര്‍ന്ന് അമനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.


സംഭവം ഒത്തുതീര്‍പ്പാക്കാനായി ബുധനാഴ്ച പട്ടേല്‍ നഗറിലെ റോക് ഗാര്‍ഡനിലേക്ക് അമന്‍ ശ്രീവാസ്തവിനെ വിളിച്ചുവരുത്തി. ഈ സമയം അമന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സംസാരം പിന്നീട് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.


ശ്രീവാസ്തവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീവാസ്തവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മകന്റെ പ്രണയബന്ധത്തെ കുറിച്ച് അറിയില്ലെന്നാണ് ശ്രീവാസ്തവിന്റെ അച്ഛന്‍ പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K