19 August, 2019 08:11:48 PM


പരിസ്ഥിതിദുര്‍ബല മേഖലകളിലെ അപകടസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍വകലാശാലകള്‍ക്കാകണം - ഗവര്‍ണര്‍

അടുത്ത വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ പി.ജി. വരെയുള്ള ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും: മന്ത്രി കെ.ടി. ജലീല്‍



കോട്ടയം: പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലുള്ള അപകടങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാല കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിന്റെയും കോട്ടയം സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സര്‍വകലാശാല അസംബ്ലി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ തടയുന്നതിനാവശ്യമായ സുപ്രധാന വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനെക്കുറിച്ച് സര്‍വകലാശാലകളും വിദഗ്ധരും ഗൗരവമായി ആലോചിക്കണം. ഓരോ മേഖലകളിലെയും കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അല്ലാത്തതുമായ വിളകളെക്കുറിച്ച് കര്‍ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കാനും അവരെ ബോധ്യപ്പെടുത്താനും കാമ്പസ്തല ക്യാമ്പയിന്‍ ആരംഭിക്കാവുന്നതാണ്. നമുക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരുന്ന സമൂഹവുമായി കൂടുതല്‍ അടുക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഇത്തരം ഇടപെടലുകള്‍ സഹായിക്കും.

വിദ്യാര്‍ഥികളുടെ അക്കാദമികപരവും അല്ലാത്തതുമായ മികവാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിജയം. എന്നാല്‍ ചില കാമ്പസുകള്‍ രാഷ്ട്രീയ-വിദ്യാഭ്യാസ ഇതര പ്രവൃത്തികളുടെ വേദിയാകുന്നു. അനഭിലഷണീയമായ പ്രവൃത്തികള്‍ക്കുവേണ്ടി രാഷ്ട്രീയ-മറ്റിതര സംഘടനകള്‍ വിദ്യാര്‍ഥികളുടെ യുവ ഊര്‍ജസ്വലതയെ ചൂഷണം ചെയ്യുന്നതായി നമ്മള്‍ കാണുന്നുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ രാഷ്ട്രീയത്തെ ഗൗരവമായി കാണുകയും തിരുത്തുകയും ചെയ്യണം. പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നതിനുള്ള മറയായി വിദ്യാര്‍ഥി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത് നീതിയുക്തമല്ല. ഇത് കാണിക്കുന്നത് നമ്മുടെ സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ കാര്യശേഷിയില്ലായ്മയാണ്. കാമ്പസ് രാഷ്ട്രീയത്തെ അനുകൂലിക്കുന്നവര്‍ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് നമ്മുടെ യുവതയെ നവീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണം.

സാധാരണ ജനങ്ങളുടെ ജീവിതത്തിന് സഹായകരമാംവണ്ണം പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണം. ഐ.എസ്.ആര്‍.ഒ. അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സര്‍വകലാശാലകള്‍ ദീര്‍ഘകാല അക്കാദമിക ഗവേഷണം ഉറപ്പാക്കണം. സര്‍വകലാശാലകള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് സഹായം നല്‍കാന്‍ കഴിയുന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ ഒന്നാം ക്ലാസു മുതല്‍ എല്‍.എല്‍.ബി., പോളിടെക്നിക്, ബിരുദാനന്തര ബിരുദതലം വരെയുള്ള ക്ലാസുകള്‍ ആരംഭിക്കാനാണ് ശ്രമമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. മുന്‍ അധ്യയന വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ബിരുദ, ബിരുദാനന്തര ബിരുദ ഒന്നാം വര്‍ഷ ക്ലാസുകള്‍ 79 ദിവസം മുമ്പ് ആരംഭിക്കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ അക്കാദമി ഓഫ് സയന്‍സസിലും ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ഫിസിക്കല്‍ സയന്‍സസിലും പ്രഗത്ഭഅംഗത്വം ലഭിച്ച വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്,1989 ല്‍ നൂറു ദിവസം കൊണ്ട് നൂറുശതമാനം സാക്ഷരത നേടിയ രാജ്യത്തെ ആദ്യനഗരമാക്കി കോട്ടയത്തെ മാറ്റിയ ജനബോധന സാക്ഷരത യജ്ഞത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി. തോമസ് എബ്രഹാം എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.

തോമസ് ചാഴിക്കാടന്‍ എം.പി., എം.എല്‍.എ.മാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാര്‍, പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K