20 August, 2019 10:42:39 AM


പട്ടികജാതി കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ധനസഹായം: അപേക്ഷ ക്ഷണിച്ചു



കൊച്ചി: സംസ്ഥാനത്തെ ഹൈസ്‌കൂള്‍, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2019-20 പ്രകാരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്), ഗ്രാമസഭാ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളവരും 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുളള വീടുളളവരും, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 31-ന് വൈകിട്ട് അഞ്ചിനു മുമ്പായി അതത് ബ്ലോക്ക് പഞ്ചായത്ത്്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ബന്ധപ്പെടാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K