26 August, 2019 11:38:31 AM


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു: ഇനി 'സെഡ്-പ്ലസ്' സുരക്ഷ




ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി) സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മന്‍മോഹന്‍ സിങ്ങിന് സെഡ്-പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.


സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എസ്പിജി സുരക്ഷ ഒരുക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മക്കളും വാജ് പേയിയും വളര്‍ത്തുമകളും തങ്ങള്‍ക്കുണ്ടായിരുന്ന എസ്പിജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു. എസ്പിജി സുരക്ഷ നല്‍മകണ്ടവരുടെ പട്ടിക പ്രതിവര്‍ഷം പുന:പരിശോധിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് മന്‍മോഹന്‍ സിങ്ങിനെ എസ്പിജി സുരക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നിലവില്‍ രാജ്യത്ത എസ്പിജി സുരക്ഷ നല്‍കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി. ദേവഗൗഡയുടെയും വി.പി.സിങ്ങിന്റേയും എസ്പിജി സുരക്ഷ നേരത്തെ പിന്‍വലിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K