27 August, 2019 08:04:20 PM


സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പുല്ലുവില: ഇടനിലക്കാരെ ഒഴിവാക്കാന്‍ തയ്യാറാവാതെ തദ്ദേശസ്ഥാപനങ്ങള്‍

- സംഗീത എന്‍.ജി.



പാലക്കാട്: ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിയമാനുസൃതമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും വന്‍ വീഴ്ചയെന്ന് കണ്ടെത്തല്‍. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇനിയും തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കി തുടങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലൈ 29ന് പഞ്ചായത്ത് ഡയറക്ടര്‍ ഇതു സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിന് പുല്ലുവിലയാണ് പല തദ്ദേശസ്ഥാപനങ്ങളും കല്‍പ്പിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കാലതാമസം വരാതെ അഴിമതിരഹിതമായും സുതാര്യമായും ലഭ്യമാക്കുന്നതിന് 2009 ജൂലൈയിലെ ഉത്തരവ് പ്രകാരം ഫ്രണ്ട് ഓഫീസുകള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തുറന്നിരുന്നു. സേവനങ്ങള്‍ സുതാര്യമാക്കുന്ന നടപടികള്‍ പാലിക്കപ്പെടുന്നില്ലെന്ന് മനസിലാക്കി 2018 മെയ് 16ന് വീണ്ടും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി. പക്ഷെ കാര്യമായ ഒരു പ്രയോജനവും ഉണ്ടായില്ല. ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഇടനിലക്കാരുടെ വേലിയേറ്റം ക്രമാതീതമായതായാണ് വിലയിരുത്തല്‍. 

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതുള്‍പ്പെടെ സേവനങ്ങള്‍ക്ക് അപേക്ഷാഫോറങ്ങള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം പലയിടത്തും ഇനിയും നടപ്പാക്കിയിട്ടില്ല. ജനന - മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനില്‍ എടുക്കാമെന്നിരിക്കെ അതിനുള്ള സൗകര്യം പല ഓഫീസുകളും ഇടപെട്ട് തടഞ്ഞ് വെച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലോ നഗരസഭയിലോ ചെന്നാല്‍ ഒന്നുകില്‍ അപേക്ഷാഫോം വില കൊടുത്ത് വാങ്ങണം. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന സമീപത്തെ കടകളിലേക്ക് ഓടണം. ഇവിടെയെത്തുന്ന ആളുകളോട് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ക്രമപ്രകാരമല്ലാതെ വന്‍ തുകയും ഈടാക്കുന്നു. ഈ പ്രവണത പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനോടും വകുപ്പിനോടും അവമതിയ്ക്ക് കാരണമാകുന്നു എന്നാണ് പഞ്ചായത്ത് ഡയറക്ടര്‍ ബി.എസ്. തിരുമേനിയുടെ സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം എല്ലായിടത്തും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആകസ്മിക പരിശോധനയിലൂടെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. നിയമാനുസൃതമുള്ള അപേക്ഷകള്‍ ആവശ്യത്തിന് പകര്‍പ്പെടുത്ത് പഞ്ചായത്തിന്റെ മുദ്ര പതിച്ച് ഫ്രണ്ട് ഓഫീസില്‍ സൂക്ഷിക്കേണ്ടതും ആവശ്യക്കാര്‍ക്ക് നല്‍കേണ്ടതുമാണ്. ലഭിക്കുന്ന അപേക്ഷകള്‍ കലണ്ടര്‍ വര്‍ഷം കണക്കാക്കി നമ്പരിട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തി വേണം എടുക്കാന്‍. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകളുടെ സംക്ഷിപ്തം അനുബന്ധമായി അപേക്ഷാഫോറത്തില്‍ ഉണ്ടായിരിക്കണം.

അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇടനിലക്കാരുടെ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്ന ഫോറങ്ങളുടെ വിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സെക്രട്ടറിയ്ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കുന്നതായിരുന്ന സര്‍ക്കുലര്‍. എന്നാല്‍ സര്‍ക്കുലര്‍ ഇറങ്ങി ഒരു മാസം ആയിട്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല എന്നതാണ് വസ്തുത.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K