28 August, 2019 10:57:23 AM


വാഹന രജിസ്ട്രേഷൻ തട്ടിപ്പ്: അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിക്കുന്നു



കൊച്ചി: വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപോഗിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. നടപടി എടുക്കേണ്ടത് പുതുച്ചേരി സർക്കാരെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 


അതേസമയം, വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിക്കെതിരായ നിയമനടപടി തുടരും. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവയാണ് സുരേഷ് ​ഗോപിക്കെതിരായ കേസുകൾ. പുതുച്ചേരിയിലെ തിലാസപ്പെട്ടിൽ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോൾ തന്റെ ബെൻസ് കാർ രജിസ്റ്റർ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. രജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. രജിസ്ട്രേഷൻ സംബന്ധിച്ച കേസിൽ ഫഹദ് ഫാസിൽ പിഴയടച്ചിട്ടുണ്ട്. 


ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന എസ്​ ക്ലാസ്​ ബെൻസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. മോട്ടോർ വാഹനവകുപ്പ്​ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 


ഫഹദും അമലാ പോളും ഓരോ കാർ രജിസ്റ്റർ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. 2015 ലും 2016 രണ്ട് കാറുകൾ വ്യാജ വിലാസത്തിൽ ഫഹദ് ഫാസിൽ രജിസ്റ്റർ ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K