29 August, 2019 07:51:10 AM


ഒന്നു മിനുങ്ങാനും ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനും അനാശാസ്യത്തിനും വഴി തെളിച്ച് ആംബുലന്‍സുകള്‍



തൃശ്ശൂർ: തൃശ്ശൂരിലെ ഒരു മെഡിക്കൽ കോളേജിൽനിന്ന് അവരുടെ നഴ്സിങ് കോളേജിലേക്ക് വൈകീട്ട് 4.50ന് സ്ഥിരമായി ആംബുലൻസ് പോകുന്നുവെന്ന വിവരമറിഞ്ഞാണ് മോട്ടോർവാഹന വകുപ്പ് പരിശോധനയ്ക്കെത്തിയത്. അലാറം മുഴക്കി ചീറിപ്പായുന്ന ആംബുലൻസിനെ അധികൃതർ പിന്തുടർന്നു. നഴ്സിങ് കോളേജ് കവാടമെത്തിയതോടെ ആംബുലൻസിന്‍റെ അലാറം നിന്നു. ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയത് അത്യാഹിതക്കാരായിരുന്നില്ല, ഹോസ്റ്റലിലേക്ക് പോയ 12 വിദ്യാർഥിനികൾ. മോട്ടോർവാഹന വകുപ്പ് കേസെടുത്ത് പിഴയും ചുമത്തി.


ജീവകാരുണ്യ സ്ഥാപനത്തിന്‍റെ പേരിലുള്ള വാഹനമായിരുന്നതിനാൽ റോഡ് നികുതി ഇളവും ഇവർ നേടിയിരുന്നു. ഇതേവരെ അത്യാഹിതങ്ങൾക്കായി വിനിയോഗിക്കാത്ത ഈ വണ്ടി സ്ഥിരമായി വിദ്യാർഥികളെ കൊണ്ടുപോകാനും കൊണ്ടുവരാനുമാണ് ഓടുന്നതെന്നും കണ്ടെത്തി. യാത്രയ്ക്കുമുമ്പ് ഒന്നു മിനുങ്ങാനായി ബാറിൽ കയറിയ മെഡിക്കൽ റെപ്രസെന്‍ററ്റീവ് വൈകിയതിനാൽ തീവണ്ടി പിടിക്കാനായി കണ്ടെത്തിയ ഉപായവും ആംബുലൻസ് തന്നെ. ലൈറ്റിട്ട്, അലാറമിട്ട് പായുന്ന ആംബുലൻസിന് എല്ലാവരും വഴിമാറിയതിനാൽ തീവണ്ടി കിട്ടി.


പി.എസ്.സി. പരീക്ഷാദിനത്തിലെ ഗതാഗതക്കുരുക്ക് മുന്നിൽക്കണ്ട് ആംബുലൻസ് മുൻകൂർ ബുക്ക് ചെയ്ത് വീട്ടില്‍നിന്നും വൈകിയിറങ്ങിയ ആള്‍ക്ക് കൃത്യസമയത്ത് പരീക്ഷയ്ക്കെത്തുവാന്‍ കഴിഞ്ഞ സംഭവവും അടുത്തിടെ ഉണ്ടായി. സ്വകാര്യ ആംബുലൻസിൽനിന്ന് അനാശാസ്യം പിടികൂടിയതും ആംബുലൻസിൽ മീൻപിടിക്കാൻ പോയ ചെറുപ്പക്കാരെ നാട്ടുകാർ കൈകാര്യം ചെയ്തതുമെല്ലാം അടുത്തകാലത്തുണ്ടായതാണ്. മദ്യപിക്കാനായി ഒരുകൂട്ടം ചെറുപ്പക്കാർ ആംബുലൻസ് വാടകയ്ക്കെടുത്ത് കറങ്ങിയത് കണ്ണൂരിലാണ് പിടിയിലായത്.


കിടമത്സരവും ആദായക്കുറവും വര്‍ദ്ധിച്ചതിനാലാണ് സ്വകാര്യ ആംബുലൻസുകൾ മറ്റു വഴികളിലൂടെ പായുന്നത്. പണം വാങ്ങാത്ത സന്നദ്ധസംഘടനകളുടെ ആംബുലൻസുകൾ പെരുകിയതോടെ ഏതുതരത്തിലും പണമുണ്ടാക്കാനായി വഴിവിട്ട പ്രവൃത്തികളിലേക്ക് സ്വകാര്യ ആംബുലൻസുകൾ പോകുകയാണ്. സന്നദ്ധസംഘടനയുടെ പേരിലുള്ള ആംബുലൻസിന് നികുതി ആനുകൂല്യമുള്ളതിനാൽ ഈ വണ്ടികൾ മറ്റ് കാര്യങ്ങൾക്കായി മുതലെടുക്കുന്നവരുമുണ്ട്. പുറമേ നിന്നുള്ള കാഴ്ച മറയ്ക്കുന്ന വാഹനമായാലും അത്യാഹിതക്കാരാണ് ഉള്ളിലുള്ളതെന്നതിനാലും പോലീസ് ആംബുലൻസ് പരിശോധിക്കാറില്ലെന്നത് ഇക്കൂട്ടര്‍ മുതലെടുക്കുകയാണത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K