30 August, 2019 02:34:00 PM


പാലാരിവട്ടം മേൽപ്പാലം അഴിമതി: ടി.ഒ. സൂരജ്, ആർ ഡി എസ് എംഡി സുമിത് ഗോയൽ എന്നിവർ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിൽ




കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് അറസ്റ്റിൽ. മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്. സൂരജിനൊപ്പം സുമിത് ഗോയൽ, ബെന്നി പോൾ, പി.ഡി. തങ്കച്ചൻ എന്നിവരും അറസ്റ്റിലായി. നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ട്സ് എംഡിയാണ് സുമിത് ഗോയൽ. കിറ്റ്കോ മുൻ എംഡിയാണ് ബെന്നി പോൾ. ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജരാണ് പി.ഡി. തങ്കച്ചൻ. 

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ 17 പേരെയാണ് വിജിലന്‍സ് സംശയിക്കുന്നത്.

എങ്കിലും പാലത്തിന്റെ രൂപരേഖ തയാറാക്കാന്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍റ്റന്റ്‌സിനെ ചുമതലപ്പെടുത്തിയ കിറ്റ്‌കോയിലെ ഉദ്യോഗസ്ഥര്‍, പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയിലെ (ആര്‍ബിഡിസികെ) ഉദ്യോഗസ്ഥര്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടിനു നേതൃത്വം നല്‍കിയവര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രമക്കേടിനു നേതൃത്വം നല്‍കിയ മറ്റ് 17 പേരുടെ പങ്ക് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിസ്, നാഗേഷ് കണ്‍സല്‍റ്റന്റ്‌സിലെ സീനിയര്‍ കണ്‍സല്‍റ്റന്റ് മഞ്ജുനാഥ്, ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ്, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി.പ്രമോദ്, കിറ്റ്‌കോ സീനിയര്‍ കണ്‍സൾട്ടന്റുമാരായ ഭാമ, ഷാലിമാര്‍, ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍, മാനേജര്‍ പി.എം.യൂസഫ്, കിറ്റ്‌കോ സീനിയര്‍ കണ്‍സല്‍റ്റന്റ് സന്തോഷ്, പ്രൊജക്ട് എന്‍ജിനീയര്‍ സാന്‍ജോ കെ.ജോസ്, ജിജേഷ്, ആര്‍ബിഡിസികെ മുന്‍ മാനേജര്‍ പി.എസ്.മുഹമ്മദ് നൗഫല്‍, ശരത് എസ്.കുമാര്‍, ആര്‍ഡിഎസ് അഡീഷനല്‍ ജനറല്‍ മാനേജര്‍ ജയ് പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍ എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പാലാരിവട്ടം പാലം അപകട നിലയിലാണെന്നും പുനര്‍നിര്‍മാണം പരിഗണിക്കണമെന്നുമാണ് വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ആര്‍.അശോക് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.  ഐഐടിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പാലം മാറുകയാണെങ്കില്‍ ഉടന്‍ തന്നെ പുതിയ പാലം നിര്‍മിക്കണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അപകടത്തിലായ പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി പുതിയ പാലത്തിന്റെ ചെലവു വഹിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

പാലാരിവട്ടം മേല്‍പാലം അപകടത്തിലായതിനെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന്‍ മേയ് 3ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പൊതുമരാമത്ത് മന്ത്രിയുടെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016ലാണു പാലാരിവട്ടം പാലം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു.

പാലത്തിന്റെ അപാകത തീര്‍ക്കാനുള്ള ജോലികള്‍ നടക്കുന്നുണ്ടെങ്കിലും അതീവ ഗുരുതരമായ ബലക്ഷയം പരിഹരിക്കാന്‍ കഴിയുന്നതാണോ അവയെന്ന സംശയം വിജിലന്‍സ് റിപ്പോര്‍ട്ട് ഉന്നയിക്കുന്നു. നിലവാരം കുറഞ്ഞ നിര്‍മാണവും അശ്രദ്ധമായ മേല്‍നോട്ടവുമാണ് നടന്നിട്ടുള്ളത്. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈ ഐഐടി സംഘം ഗര്‍ഡറുകളിലും തൂണുകളിലും പലതരത്തിലുള്ള വിള്ളലുകളും പൊട്ടലുകളും കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് ഉപയോഗിച്ച് വിള്ളലുകളില്‍ നടത്തിയ പരീക്ഷണം ബലക്ഷയം ശരിവയ്ക്കുന്നു. ഐഐടി നടത്തിയ പരിശോധനയില്‍ പാലത്തിലെ വിള്ളലുകള്‍ വികസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയാലും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന നിരീക്ഷണങ്ങളും പരിശോധനകളും വേണ്ടിവരുമെന്നാണു വിദഗ്ധരുടെ അഭിപ്രായങ്ങളില്‍ വ്യക്തമാകുന്നതെന്നു വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K