04 September, 2019 03:21:38 PM


ടെസ്റ്റെഴുതി പാസായതാ, പേടിച്ച് ജീവിക്കാനില്ല; സിപിഎം നേതാവിന് എസ്ഐയുടെ ചുട്ട മറുപടി



കൊച്ചി:  'നിങ്ങൾ എന്താണെന്നു വച്ചാൽചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല' – കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ വിദ്യാർഥിയെ പൊലീസ് ജീപ്പിൽ കയറ്റിയതിന്ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്താൻ ശ്രമിച്ച സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്  കളമശേരി എസ്ഐ അമൃതരംഗന്‍റെ ചുട്ട മറുപടി. വിദ്യാർഥികൾക്കിടയിൽ നിന്നുള്ള സംഭാഷണത്തിന് ചുറ്റുമുള്ളവരും കയ്യടിച്ചതോടെ കത്തിക്കയറിയ എസ്ഐയ്ക്കു മറുപടി നൽകാതെ നേതാവിനു ഫോൺ വയ്ക്കേണ്ടി വന്നു. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാർഥിയെ പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറി എസ്ഐയെ വിളിച്ചത്.


കഴിഞ്ഞ ദിവസം നടന്ന കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ വിദ്യാർഥികൾ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. ഇതേ സമയംഹോസ്റ്റൽ സഹാറയിൽ നടന്ന  ബിടെക് വിദ്യാർഥികളുടെ  ഓണാഘോഷത്തിനിടയിലേയ്ക്ക് കടന്നു കയറിയ ചിലർ വിദ്യാർഥികളെ ആക്രമിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. അപ്രതീക്ഷിത ഏറ്റുമുട്ടലിൽ വിദ്യാർഥി ചോരയൊലിപ്പിച്ചു നിൽക്കുന്നതാണ് പൊലീസ് കാണുന്നത്. ഹോസ്റ്റലിലേയ്ക്ക് ഒരു പറ്റം വിദ്യാർഥികൾ കടന്നുകയറുകയായിരുന്നെന്നും  ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ പിടികൂടി യൂണിവേഴ്സിറ്റി അമിനിറ്റി സെന്ററിൽ വിട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഒരാളെ എങ്കിൽ ഒരാളെ സ്ഥലത്തു നിന്നു മാറ്റാനായിരുന്നു ശ്രമിച്ചതെന്നും എസ്ഐ വിശദീകരിക്കുന്നുണ്ട്. എന്നാൽ എസ്ഐയുടെ വിശദീകരണം കേൾക്കാൻ തയാറാകാതെ, പൊലീസ് മോശമായി പെരുമാറിയെന്നാണ് പാർട്ടി നേതാവിന്‍റെ ആരോപണം.


അവരുടെ സൈഡ് ചേർന്ന് സംസാരിക്കാനാണെങ്കിൽ തനിക്കൊന്നും പറയാനില്ലെന്ന് എസ്ഐ പറഞ്ഞതോടെയാണ് സക്കീർ ഹുസൈൻ എസ്ഐക്കു നേരെ ഭീഷണി സ്വരം പുറത്തെടുത്തത്. ഇതോടെ 'നിങ്ങൾ എസ്ഐ ആയി വന്ന ശേഷം ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങൾക്കിടയിൽ നിന്നും രാഷ്ട്രീയക്കാർക്കിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാവും' എന്നായി അദ്ദേഹം. 'ടെസ്റ്റെഴുതി പാസായതാ.. നല്ല ധൈര്യമുണ്ട്... അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല.. എന്ന് എസ്ഐയും.


എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാൻ നേരെ വാ നേരേ പോ എന്ന നിലയിൽ ഇടപെടുന്ന ആളാണ്. ഒരു പാർട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് എല്ലാ വിദ്യാർഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാൻ എനിക്കാവില്ല എന്ന് എസ്ഐ. ഞാൻ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയിൽ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാൻ അമിനിറ്റി സെന്ററിൽ കൊണ്ടാക്കിയെന്നും എസ്ഐ പറയുന്നു. പ്രവർത്തകരോട് മാന്യമായി പെരുമാറണം. കളമശേരിയിൽ നിങ്ങൾ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്ഐ ആയി വന്നിട്ടുണ്ട് എന്നായി സക്കിർ ഹുസൈൻ. 


എസ്ഐ: വന്നിട്ടുണ്ട്. അതാണ് വ്യത്യാസം. ഇവിടെ ചത്തു കിടന്നാലും പിള്ളാരെ തല്ലാൻ സമ്മതിക്കില്ല. യൂണിഫോമിട്ടാൽ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ഞാൻ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങൾ എന്താണെന്നു വച്ചാൽചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല. 


സക്കിർ ഹുസൈൻ: ചൂടായിട്ടു കാര്യമില്ല. പലരോടും ചൂടായി സംസാരിക്കുന്നത് അറിയാം. രാഷ്ട്രീയ പ്രവർത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ.. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ?


എസ്ഐ: എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല – എസ്ഐ പറയുന്നു.


ഇരുവരുടെയും സംഭാഷണം പുറത്തായതോടെ അതിവേഗം വൈറലായി. വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ നേതാവാണ് സക്കീര്‍ ഹുസൈന്‍. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K