09 September, 2019 06:40:08 PM


ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാലു പേര്‍ കൂടി പിടിയിൽ

പിടിയിലായവർ ഓട്ടോഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും പ്രതികൾ


ഏറ്റുമാനൂർ: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പ്രതികൾ കൂടി പിടിയിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ അമ്പലത്തറ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ ആൽബിൻ കെ.ബോബൻ (20), മാടപ്പള്ളി ബിബിൻ ബെന്നി (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ കോട്ടമുറിക്ക് സമീപം ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതിനെ ചോദ്യം ചെയ്തവരുടെ വീട് കയറി സംഘം ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് വീണ്ടും വീടുകൾ ആക്രമിക്കാൻ പ്രതികൾ രണ്ട് വാഹനങ്ങളിലായി എത്തി. ഈ സമയം സ്ഥലത്ത് എത്തിയ പൊലീസ് പെട്രോളിംങ് വാഹനത്തിനു നേരെ പ്രതികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. കേസിൽ കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫ് (21), അതിരമ്പുഴ  ഓണംതുരുത്ത്കവല മേടയിൽ അലക്‌സ് പാസ്‌കൽ (19), ശ്രീകണ്ഠമംഗലം കുറ്റിയക്കവല കറുകച്ചേരിൽ അനന്ദകൃഷ്ണൻ (18), അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ വേമ്പനമുകളേൽ വിഷ്ണു യോഗേഷ് (18) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ കഴിയുന്നതിനിടെ പണം തീർന്നതിനെ തുടർന്ന് ചേർത്തല സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ട് ഏറ്റുമാനൂർ ഭാഗത്ത് എത്തി കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് 2500 രൂപ തട്ടിയെടുത്തതും ഇതേ സംഘം തന്നെയാണെന്നും പൊലീസ് സംഘം കണ്ടെത്തി.  ഇതോടെ കേസിൽ ഇതുവരെ ഒൻപത് പ്രതികൾ അറസ്റ്റിലായി. ദിവസങ്ങളോളമായി ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കയ്യിലെ പണം തീർന്നതോടെ ട്രെയിൻ മാർഗം ചേർത്തലയിൽ എത്തി. ഇപ്പോൾ പിടിയിലായ നാലു പേരും, മറ്റൊരു പ്രതിയുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. തുടർന്ന് ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ ഏറ്റുമാനൂരിലേയ്ക്ക് പോരുകയായിരുന്നു. ഏറ്റുമാനൂരിൽ എത്തിയ ശേഷം ഓട്ടോഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഇയാളുടെ പക്കലുണ്ടായിരുന്ന 2500 രൂപ തട്ടിയെടുത്ത് നാടുവിട്ടു. 

ഈ പണം തീർന്നതോടെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തി. രഹസ്യവിവരം ലഭിച്ചെത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ്, എസ്ഐ അനൂപ് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K