09 September, 2019 11:42:05 PM


ഇങ്ങനെയും സര്‍ക്കാര്‍ ജീവനക്കാര്‍; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവധി ദിനത്തില്‍ ഓണാഘോഷം



കൊച്ചി: ഓഫീസ് സമയത്ത് ഓണാഘോഷം സംഘടിപ്പിച്ച് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കണയന്നൂര്‍ താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്ക് താല്‍പര്യമില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ ഓരോ നിമിഷവും പൊതുജനങ്ങളെ സംബന്ധിച്ച് വളരെയധികം വിലപിടിച്ചതാണെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. ഓണാഘോഷം അവധി ദിനമായ ഞായറാഴ്ച സംഘടിപ്പിച്ച് മാതൃക കാട്ടുകയാണ് കണയന്നൂര്‍ താലൂക്ക് ഓഫീസ് ജീവനക്കാര്‍. 

അടുത്ത ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ പ്രവൃത്തി ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് ഓഫീസിലെത്തിയിരുന്നത്. ഓണാഘോഷം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജീവനക്കാര്‍ക്കൊപ്പം സദ്യ കഴിച്ചാണ് മടങ്ങിയത്. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും അദ്ദേഹത്തിന്റെ ഭാര്യയും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച വിവിധ തസ്തികകളിലെ ജീവനക്കാര്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചടങ്ങില്‍ ജില്ലാ കളക്ടറും സബ്കളക്ടറും ചേര്‍ന്ന് സമ്മാനിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. പത്മജ, വില്ലേജ് ഓഫീസര്‍ വി.കെ. ജ്യോതി, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ സി.എസ്. സതീഷ് കുമാര്‍, ക്ലാര്‍ക്ക് എം. പ്രബിന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍ഡ് ജയന്‍ കുമാര്‍ ടി.ജി., ഓഫീസ് അറ്റന്‍ഡന്റ് പി.പി. ബാബു, സര്‍വെയര്‍ എസ്. സുജിത് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഗാനമേള, തിരുവാതിരകളി തുടങ്ങിയ കലാ പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

താലൂക്കിനു കീഴിലുള്ള വിവിധ വില്ലേജുകളില്‍ നിന്നടക്കം ഇരുനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നടമ എസ് വി ഒ തിലകന്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു. വാഴക്കാല എസ് വി ഒ സി.കെ. സുനില്‍ കുമാര്‍ അവതാരകനായി. എല്‍ആര്‍ തഹസില്‍ദാര്‍ വി.എ. മുഹമ്മദ് സാബിര്‍, കോട്ടയം തഹസില്‍എം.വി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K