14 September, 2019 02:35:12 PM


മാന്ദ്യം നേരിടാന്‍ ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തി അറ്റകൈ പ്രയോഗം: കാറുകള്‍ക്ക് നികുതി കുറച്ചേക്കും



മുംബൈ: മാന്ദ്യം നേരിടാന്‍ സര്‍ക്കാരിന്‍റെ അറ്റകൈ പ്രയോഗം. ചരക്കുസേവന നികുതി (ജിഎസ്ടി) ഘടനയില്‍ മാറ്റംവരുത്തി മാന്ദ്യം നേരിടാനാണു സര്‍ക്കാര്‍ പദ്ധതി. വില്‍പ്പന കുറഞ്ഞ വാഹനങ്ങള്‍, ബിസ്‌കറ്റ് അടക്കമുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി കുറയ്ക്കാനാണു നീക്കം. 20ന് ഗോവയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ അറ്റകൈ പ്രയോഗമെന്ന നിലയ്ക്കാണ് ജിഎസ്ടിയില്‍ മാറ്റം വരുത്തുന്നത്.

അതേസമയം വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ പല സംസ്ഥാന സര്‍ക്കാരുകളും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വാഹനങ്ങളുടെയും സ്പെയര്‍ പാര്‍ട്സുകളുടെയും നികുതി 28ല്‍നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ വ്യവസായികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മന്ത്രി നിതിന്‍ ഗഡ്കരി ഇതിനെ പിന്തുണച്ചിട്ടുണ്ട്. ബിസ്‌കറ്റുകളുടെ നികുതി 18 നിന്ന് 12 ശതമാനമാക്കും.

നടപ്പുവര്‍ഷം ജിഎസ്ടി വരുമാനവളര്‍ച്ചയില്‍ 16 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിട്ടത്. ഇത് നേടണമെങ്കില്‍ പ്രതിമാസം 1.17 ലക്ഷം കോടി രൂപ ലഭിക്കണം. ആഗസ്തില്‍ ലഭിച്ചത് 98,000 കോടി രൂപയാണ്. എന്നാല്‍ നികുതി കുറച്ചാല്‍ സര്‍ക്കാരിന് ഈ ലക്ഷ്യം നേടാനാകില്ല. എന്നാല്‍ മാന്ദ്യത്തില്‍ നിന്നു കരകയറുമെന്നാണു കരുതുന്നത്. രാജ്യത്ത് വ്യവസായിക വളര്‍ച്ചാനിരക്ക് കുറഞ്ഞതോടെയാണ് സര്‍ക്കാരിനെ നികുതി കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. വിപണി സജീവമായില്ലെങ്കില്‍ വിദേശ നിക്ഷേപകര്‍ രാജ്യം വിടുമെന്നും ഭയക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K