17 September, 2019 06:51:04 AM


മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു



കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. വിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്. ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയെ രാഘവന്‍ മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന്‍ ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. 


അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.


 70-80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്... എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000-ത്തിന്‍റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K