19 September, 2019 08:37:35 PM


അഴിമതിക്കാർക്ക് 'സർക്കാർ വക ഭക്ഷണം' കഴിയ്ക്കാം - മുഖ്യമന്ത്രി പിണറായി വിജയന്‍



പാലാ: ഒരു പഞ്ചവടിപ്പാലവും നിർമിക്കാൻ എൽഡിഎഫ് സർക്കാർ തയാറല്ലെന്നും മര്യാദയ്ക്കാണെങ്കിൽ സർക്കാരിന്‍റെ ഭക്ഷണം കഴിയ്ക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാമെന്നും അഴിമതിക്കാരെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലായിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപെടില്ല. അതാണിപ്പോൾ കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ''ഇന്ന‌് ഒരാളുടെ കഥ പുറത്തു വന്നിട്ടുണ്ട‌്. അയാൾ അനുഭവിക്കാൻ പോവുകയാണ‌്. എൽഡിഎഫ് സർക്കാരിന്‍റെ ഭാഗമായി ഇരിക്കുന്ന ആരും 'ലേശം ഇങ്ങു പോരട്ടെ' എന്ന് ചിന്തിക്കില്ല. കിഫ്ബി സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനോട് ഒന്നേ പറയാനുള്ളൂ... 'ആ പരിപ്പ് ഇവിടെ വേവില്ല'. മുഖ്യമന്ത്രി പറഞ്ഞു.


പണം കൈയിട്ടു വാരാൻ ശ്രമിച്ചതിനാണിപ്പോൾ 'പാലാരിവട്ട'ത്ത് നടപടി ഉണ്ടാകാൻ പോകുന്നത്.  'പഞ്ചവടിപ്പാല'ങ്ങളല്ല, നല്ല ഈടും ഭദ്രതയുമുള്ള നിർമിതിയാണ് എൽഡിഎഫിന്‍റെ മുഖമുദ്ര. മറിച്ച്, അഴിമതി നടത്താൻ ശ്രമിക്കുന്നവർ ആരായാലും തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K