25 September, 2019 04:47:05 PM


പാഠം ഒന്ന് "പാടത്തേക്കില്ല": കാലാവസ്ഥ പ്രതികൂലം; വയലുകളില്‍ നെല്‍കൃഷിയ്ക്ക് സാഹചര്യവുമില്ല



കോട്ടയം: 2019 സെപ്തംബര്‍ 26. കന്നി മാസത്തിലെ മകം നാള്‍. നെല്ലിന്‍റെ ജന്മദിനമായി പൂര്‍വ്വികര്‍ ആചരിച്ചു പോരുന്ന ഈ ദിനത്തില്‍ പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായ നെല്‍കൃഷി അധിഷ്ഠിത കൃഷിപ്പണികള്‍ തുടക്കത്തിലേ താളം തെറ്റുന്നു. കാലാവസ്ഥയിലെ വ്യതിയാനവും പ്രളയവും മൂലം പലയിടത്തും നെല്‍കൃഷി ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ പാടങ്ങളില്‍ നിന്ന് എങ്ങിനെ പദ്ധതിയ്ക്ക് തുടക്കം കുറിക്കും എന്നറിയാതെ വിഷമിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍.


കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെയാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. കാര്‍ഷിക കാലാവസ്ഥയ്ക്കനുസരിച്ചും സെപ്തംബറിലെ നെല്‍കൃഷിയുടെ ഘട്ടത്തെ ആശ്രയിച്ചും ജില്ല തിരിച്ചുള്ള ആക്ടിവിറ്റി ചാര്‍ട്ട് കാര്‍ഷിക സര്‍വ്വകലാശാലയാണ് തയ്യാറാക്കുന്നത്. കുട്ടികള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യലും പരിപാടിയുടെ പ്രചരണവും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നടത്തും. അതോസമയം സ്കൂളുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കുക, നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ കന്നി മാസത്തിലെ മകം നാളില്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കുക, സ്കൂളിന് അനുബന്ധമായ പാടം നെല്‍കൃഷിയ്ക്കായി ഒരുക്കുക തുടങ്ങിയവ അതത് പ്രദേശത്തെ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.


എന്നാല്‍ കാലാവസ്ഥ തിരിഞ്ഞതോടെ പാടത്തിറങ്ങിയുള്ള കാര്‍ഷികപഠനങ്ങളും പ്രവൃത്തികളും നടപ്പിലാകാതെ വന്നിരിക്കുകയാണ്. കാലം തെറ്റി പെയ്ത മഴയില്‍ മിക്ക പാടങ്ങളിലും വന്‍ വെള്ളക്കെട്ട്. ഇങ്ങോട്ട് കൊച്ചു കുട്ടികളെ എത്തിക്കുന്നതും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ പാടങ്ങളിലേക്ക് എന്ന പരിപാടിയില്‍ അല്‍പം വ്യത്യാസം വരുത്തിയാണ് ഇന്ന് പദ്ധതിയ്ക്ക് കേരളത്തില്‍ പലയിടത്തും പദ്ധതിയ്ക്ക് തുടക്കം കുറിക്കുക. പാടങ്ങളിലേക്ക് കുട്ടികളേയും കൊണ്ട് പോകുന്നതിന് പകരം ലഘുലേഖകള്‍ വിതരണം ചെയ്തും അര മണിക്കൂര്‍ വീതമുള്ള ബോധവല്‍ക്കരണക്ലാസുകള്‍ നടത്തിയും തല്‍ക്കാലം മുഖം രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.


അതേസമയം കൃഷിയിറക്കിയതോ കൃഷിയിറക്കാന്‍ സാഹചര്യം അനുവദിക്കുന്നതോ ആയ പാടശേഖരങ്ങള്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളെ കൂട്ടികൊണ്ടു പോകാനുള്ള ശ്രമവും അപൂര്‍വ്വം ചിലയിടങ്ങലില്‍ മാത്രം ഇതോടൊപ്പം നടക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റചട്ടം നില്‍ക്കുന്ന സ്ഥലങ്ങളില്‍ പദ്ധതിയുടെ പ്രാദേശികതലത്തിലുള്ള ഉദ്ഘാടനം നടത്താനാവാത്തതും തിരിച്ചടിയായി. സര്‍ക്കാര്‍ വിതരണം ചെയ്ത  മുഖ്യമന്ത്രി, മന്ത്രിമാരായ സുനില്‍കുമാര്‍, രവീന്ദ്രനാഥ് എന്നിവരുടെ ചിത്രങ്ങള്‍ സഹിതമുള്ള  പോസ്റ്ററുകളും ബാനറുകളും ഈ പ്രദേശങ്ങളില്‍ ഉപയോഗിക്കാനും പറ്റില്ല. ഇവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത ബാനറുകളും പോസ്റ്ററുകളും ഉപയോഗിച്ചാല്‍ മതി എന്ന നിര്‍ദ്ദേശത്തിനു മുന്നിലും എന്തു ചെയ്യണമെന്നറിയാതെ വലയുന്നത് ഉദ്യോഗസ്ഥര്‍ തന്നെ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K