30 September, 2019 08:06:52 AM


ഈ 'ജംഗ്ഷന്‍' ഒരു വര്‍ഷത്തിനിടെ കവര്‍ന്നത് 15 ജീവന്‍; 4 സഹോദരങ്ങളുടെ ജീവന്‍ പൊലിഞ്ഞത് അര്‍ധരാത്രിയില്‍



ഒല്ലൂര്‍: തൃശൂരിലെ ഒല്ലൂരിനടുത്ത പുഴമ്പള്ളം ജങ്ഷന്‍ മരണക്കെണി ആകുകയാണ്. പുഴമ്പള്ളം ജങ്ഷനില്‍ ഒരു വര്‍ഷത്തിനിടെ അപകടങ്ങളില്‍ മരിച്ചത് 15 പേരാണ്. ഈ ജങ്ഷനില്‍ അപകടക്കഥ തുടര്‍ച്ചയാകുന്നതിനിടെ കഴിഞ്ഞ 15 മാസത്തിനിടെ ഇവിടെ മരിച്ചവരില്‍ നാലു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. നാലുപേരും പുള്ളില്‍വീട്ടിലെ സഹോദരങ്ങള്‍. മൂന്നു സഹോദരങ്ങളും പുഴമ്പളഎളം ജങ്ഷനില്‍ വാഹനമിടിച്ച് മരണപ്പെട്ടപ്പോള്‍, ഒരു സഹോദരന്‍ ഇവിടുന്ന് മാറി 300 മീറ്ററോളം മാറി മരത്താക്കരയിലുമാണ് അപകടത്തില്‍പ്പെട്ടത്. തലോര്‍-മണ്ണൂത്തി നാലുവരിപ്പാതയിലെ ഏറ്റവും അപകടകരമായ മേഖലയാണ് പുഴമ്പള്ളം ജങ്ഷന്‍.


പുള്ളില്‍ വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാലു പേരാണ് ഇതുവരെ ഈ ജങ്ഷനില്‍ അപകടത്തില്‍ മരിച്ചത്. ഇവരുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (46) ശനിയാഴ്ച അര്‍ധരാത്രിയാണ് മരണപ്പെട്ടത്. വീട്ടിലേക്ക് നടന്നുവരുമ്പോള്‍ പുഴമ്പള്ളം ജങ്ഷനില്‍ വെച്ച് ബൈക്കിടിച്ച ഉണ്ണിക്കൃഷ്ണന്‍ തത്ക്ഷണം മരിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


ഇക്കഴിഞ്ഞ ജൂലായില്‍ ആണ് ഉണ്ണിക്കൃഷ്ണന്റെ അനുജന്‍ ശ്രീനിവാസന്‍ മരിച്ചത്. രാത്രിയില്‍ നടന്നുവരുന്ന വഴി കാറിടിച്ചാണ് ശ്രീനിവാസന്‍ മരിച്ചത്. ഉണ്ണിക്കൃഷ്ണന്റെ മറ്റൊരു സഹോദരനായ ആനന്ദനും(44) ഇവിടെ വച്ചാണ് മരിച്ചത്. ഇവരുടെ മുത്ത സഹോദരന്‍ സുധാകരന്‍(48) മരിച്ചിട്ട് 15 മാസമേ ആയിട്ടുള്ളു. സുധാകരന്‍ മരത്താക്കരയില്‍വെച്ച് ബസിടിച്ചാണ് മരിച്ചത്. പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗം മനസിലാക്കാതെ രാത്രിസമയത്ത് റോഡ് മുറിച്ചു കടക്കുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K