30 September, 2019 09:48:53 PM


പ്രളയം സമ്മാനിച്ച കാവാലിപ്പുഴക്കടവ് മിനി ബീച്ചിൽ പുഴയുടെ കഥ പറഞ്ഞ് ഗാന്ധിജയന്തി ആഘോഷം



കിടങ്ങൂർ:  പ്രളയം മീനച്ചിലാറിന് സമ്മാനിച്ച കാവാലിപ്പുഴക്കടവ് മിനി ബീച്ചില്‍ പുഴയുടെ കഥ പറഞ്ഞ് ഇന്ന് ഗാന്ധിജയന്തി ആഘോഷം. നദികളെയും അവ കടന്നുവരുന്ന പ്രദേശങ്ങളെയും കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വ്യത്യസ്തമായ രീതിയില്‍ ഗാന്ധിജയന്തി ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിളോടൊപ്പം പ്രകൃതിസ്‌നേഹികളും നാട്ടുകാരും ചേര്‍ന്ന് പരിപാടികള്‍ സമ്പന്നമാക്കും. രാവിലെ 9.30ന് ബീച്ച് ശുചീകരിച്ചും പുഴയോരത്ത് ഫലവൃക്ഷങ്ങള്‍ നട്ടുമാണ്  വിദ്യാര്‍ത്ഥികള്‍ ഇത്തവണ ഗാന്ധിജയന്തി ആചരിക്കുന്നത്. 


പ്രാദേശിക ചരിത്രകാരനും നദീസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സംഘാടകനുമായ പള്ളിക്കോണം രാജീവ് 'പുഴയറിവ്'' എന്ന പരിപാടിയിലൂടെ മീനച്ചിലാറിന്റെ സാംസ്‌കാരികചരിത്രവും ഭൂമിശാസ്ത്രവും പങ്കുവയ്ക്കും. വറ്റിവരണ്ട് ആസന്നമൃതിയോടടുക്കുന്ന നദിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. മീനച്ചിലാറിനെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയ പള്ളിക്കോണം രാജീവ് വിദ്യാര്‍ത്ഥികളോട് നദിയുടെ കഥ പറയുന്നത് മികച്ച അനുഭവമായിരിക്കും. പള്ളിക്കോണം രാജീവ് വിവിധ ഇടങ്ങളില്‍ നദിയെ നേരില്‍ സന്ദര്‍ശിച്ച് ഭൂമി ശാസ്ത്രപരമായ ഘടന മനസ്സിലാക്കിയും പഠനങ്ങളുടെയും അനുബന്ധ ഭൂപടങ്ങളുടെയും സഹായത്തോടെയും തയ്യാറാക്കിയ മീനച്ചില്‍ നദീതടത്തിന്റെ സമഗ്രവും സൂക്ഷ്മവുമായ ഭൂപടം വേദിയില്‍ അനാച്ഛാദനം ചെയ്യപ്പെടും.


കോട്ടയം ജില്ലയുടെ ജീവനാഡിയായി ഒഴുകുന്ന മീനച്ചിലാറിന്റെ ഉത്ഭവം മുതല്‍ പതനം വരെ വ്യക്തമായി ഈ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പത്തിയൊന്നോളം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന നദിയുടെ കൈവഴികളും തോടുകളും ഇതില്‍ കാണാം. പഞ്ചായത്തുകളെ വിവിധ നിറങ്ങളില്‍ വേര്‍തിരിച്ചിരിക്കുന്നു. ജില്ലയുടെ ഭൂപടത്തില്‍ മൂവാറ്റുപുഴ, മണിമല, പമ്പ എന്നീ നദികളുടെ നദീതടവും നദികളെ ചിത്രീകരിക്കാതെ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്. ഈ ഭൂപടത്തിന്റെ സഹായത്തോടെയാണ് നദിയെ പരിചയപ്പെടുത്തുന്നത്. 


പ്രശസ്ത ഫോട്ടോഗ്രാഫറും, പരിസ്ഥിതിപ്രവര്‍ത്തകനുമായ രമേഷ് കിടങ്ങൂരും കിടങ്ങൂര്‍ ജനമൈത്രി പോലീസും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തും നാട്ടുകാരും കാവാലിപ്പുഴകടവ് ബീച്ചിന് നല്‍കിയ പ്രചാരത്തിന്റെ ഫലമായി ഏറെ വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്താറുണ്ട്. പതിനായിരക്കണക്കിന് ഉറവകളില്‍നിന്ന് ജന്മമെടുത്ത് അരുവികളായി തോടുകളായി കൈവഴികളായി നദി രൂപമെടുക്കുമ്പോള്‍ പടര്‍ന്നു പന്തലിച്ച ഒരു വൃക്ഷത്തിന്റെ ശാഖാ വൃന്ദങ്ങള്‍ പോലെ ഒരു ഭൂഭാഗമാകെ വിരിഞ്ഞുകിടക്കുന്നതാണ് നദിയെന്നുള്ള തിരിച്ചറിവിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നതായിരിക്കും ഈ പരിപാടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K