03 October, 2019 12:38:27 AM


മീനച്ചിലാറിന്‍റെ സാംസ്കാരികത്തനിമയും ഘടനയും അവതരിപ്പിച്ച് വേറിട്ട ഗാന്ധിജയന്തി ആഘോഷം



കിടങ്ങൂർ: മീനച്ചിലാറിന്റെ തീരത്തെ കാവാലിപ്പുഴ മിനി ബീച്ചിൽ ഗാന്ധിജയന്തി ആചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ശുചീകരണയജ്ഞവും പുഴയറിവ് പരിപാടിയും നടന്നു. പ്രാദേശിക ചരിത്രകാരനും  നദീസംരക്ഷണപ്രവർത്തനങ്ങളുടെ സംഘാടകനുമായ      പള്ളിക്കോണം രാജീവ് തയ്യാറാക്കിയ മീനച്ചിലാറിന്റെ സമഗ്രവും സൂക്ഷ്മവുമായ ഭൂപടത്തിന്റെ സഹായത്തോടെ പുഴയറിവ് അവതരിപ്പിച്ചു. ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയും നിവരുന്ന മീനച്ചിലാറിന്റെ സാംസ്കാരികത്തനിമയും ഭൂമിശാസ്ത്രപരമായ ഘടനയും അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. 



കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്  ഷൈബി മാത്യു ഉദ്ഘാടനം ചെയ്തു. പള്ളിക്കോണം രാജീവ് തയ്യാറാക്കിയ  മീനച്ചിൽ നദീതടത്തിന്റെ ഭൂപടം കിടങ്ങൂർ ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷാജി തോമസ് അനാച്ഛാദനം ചെയ്തു.
മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രൻ, മുൻ പാലാ മുൻസിപ്പൽ കമ്മീഷണർ രവി പാലാ, പരിസ്ഥിതി പ്രവർത്തകനായ വേണുഗോപാൽ, ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ്ജ് വട്ടപ്പാറ, പ്രിൻസിപ്പൽ ഫാ. സോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഏറ്റുമാനൂർ എസ് എഫ് എസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളെ കൂടാതെ ജനമൈത്രി പോലീസും നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.   പരിസ്ഥിതി പ്രവർത്തകൻ രമേഷ് കിടങ്ങൂർ, സൂര്യകാന്ത് എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K