03 October, 2019 10:26:02 PM


കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത




തിരുവനന്തപുരം: കേന്ദ്രപൂളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവ് നേരിട്ടതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ലഭ്യതയില്‍ തടസ്സം നേരിടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഖനികളില്‍ നിന്നുള്ള കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവാണ് നേരിടുന്നത്. ഇതേതുടര്‍ന്ന് ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉല്‍പ്പാദനക്ഷാമം നേരിടുന്നുണ്ട്.


ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ നിന്ന് 325 മെഗാവാട്ട് കുറവുണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പീക്ക് സമയത്ത് (6.45 പി.എം - 11 പി.എം) വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സെന്‍ട്രല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് റിയല്‍ ടൈം അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K