04 October, 2019 10:23:49 AM


കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: ആദ്യം തുറന്നത് രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞിന്‍റെ കല്ലറ



കോഴിക്കോട്: കൂടത്തായിയിൽ ആറു പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്‍റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്നു. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ അടക്കിയ കല്ലറകളാണ് തുറന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളിൽ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകൾ ആദ്യം തുറക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. വർഷങ്ങളുടെ ഇടവേളയിൽ നടന്ന മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.



കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവിയടക്കം 6 അംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. റൂറൽ എസ്പി കെ.ജി. സൈമൺ ഇന്നലെ സ്ഥലത്ത് എത്തിയിരുന്നു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുക്കുക. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു.


മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭർത്താവായ ഷാജുവിന്‍റെ ഭാര്യയാണു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലർ കർശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതിൽ ഉൾപ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം. ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്തിന്‍റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടർന്നാണ് മരണം സംബന്ധിച്ച സംശയങ്ങൾ ഉണ്ടായത്. തുടർന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകൻ റോജോ പരാതി നൽകിയത്.റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K