04 October, 2019 10:24:38 AM


ആനകളെ എഴുന്നള്ളിക്കുന്നതിലും വന്‍ സാമ്പത്തിക തിരിമറി; ഏറ്റുമാനൂര്‍ ദേവസ്വം ഗ്രൂപ്പിലെ ജീവനക്കാരന് സസ്പെന്‍ഷന്‍



പാലാ: ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും മറ്റും ആനകളെ എഴുന്നള്ളിക്കുന്നതിലും വന്‍ക്രമക്കേടുകള്‍. വര്‍ഷങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ദേവസ്വം ജീവനക്കാരില്‍ ഒരാള്‍ക്ക് സസ്പെന്‍ഷന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഏറ്റുമാനൂര്‍ ഗ്രൂപ്പിലെ ഇടയാറ്റ്കാവ് സബ് ഗ്രൂപ്പ് ഓഫീസറും ളാലം മഹാദേവക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസര്‍ ഇന്‍ ചാര്‍ജുമായ എന്‍.ആര്‍.മധുവിനെയാണ് അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.


ദേവസ്വം വൈക്കം ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആഫീസിലെ എല്‍.എം.വി.ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യവെയാണ് ഒരു സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തില്‍ സബ് ഗ്രൂപ്പ് ആഫീസര്‍ തസ്തികയില്‍ അധികചാര്‍ജായി മധുവിനെ നിയമിക്കുന്നത്. ദേവസ്വം മരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് മാറ്റി നിയമിക്കാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി ഇയാള്‍ ഈ സ്ഥാനത്ത് തുടരുകയായിരുന്നു. ഇതിനിടെയാണ് ളാലം മഹാദേവക്ഷേത്രത്തിലെ പണാപഹരണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് ഓംബുഡ്സ്മാന് 2018 ഫെബ്രുവരിയില്‍ പരാതി നല്‍കിയത്.


തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എഴുന്നള്ളിപ്പിന് ആനകളെ നിയോഗിച്ചതിലും ചമയങ്ങള്‍ വാടകയ്ക്കെടുത്തതിലും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ മറനീക്കി പുറത്തു വന്നത്. ഏറ്റുമാനൂരിലുള്ള ആന ഉടമയുടെ പക്കല്‍ നിന്നും ചമയങ്ങള്‍ വാടകയ്ക്ക് എടുത്തതായി അദ്ദേഹത്തിന്‍റെ കള്ളപേരില്‍ തയ്യാറാക്കിയ വൌച്ചറായിരുന്നു അതിലൊന്ന്. വൌച്ചറിലെ പേരും ഒപ്പും തന്‍റേതല്ലെന്നും, തന്‍റെ കയ്യില്‍നിന്നും ചമയങ്ങൾ എടുത്തിട്ടില്ലെന്നും ആന ഉടമ മൊഴി നല്‍കുകയും ചെയ്തുവത്രേ.


ആനവാടക, ആനച്ചമയം വാടക എന്നീ ഇനങ്ങളിലെ കണക്കുകളുമായി ബന്ധപ്പെട്ട വൌച്ചറുകളിലെ കൃത്രിമവും ഇവ അലക്ഷ്യമായി ഹാജരാക്കിയതും ആഫീസ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ മധുവിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും കണ്ടെത്തിയത് ഓംബുഡ്സ്മാന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കി.  തുടര്‍ന്ന് ദേവസ്വം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മധുവിന്‍റെ പേരില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഏറ്റുമാനൂര്‍ അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണര്‍ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) മധുവിനെ സസ്പെന്‍റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.


ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മിക്കവാറും ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികവെട്ടിപ്പ് നടന്നുവരുന്ന ഒരു ഇനമാണ് ആനകളുടെയും ചമയങ്ങളുടെയും വാടക. മേജര്‍ ക്ഷേത്രങ്ങളില്‍ പലയിടത്തും ഉത്സവത്തിന് ആനകളെ വഴിപാടായി എഴുന്നള്ളിക്കാറുണ്ട്. ഈ ആനകള്‍ക്ക് ഏക്കം നല്‍കേണ്ടതില്ല. എന്നാല്‍ ആനകള്‍ക്ക് ദേവസ്വം നിശ്ചയിച്ചിട്ടുള്ള ഏക്കവും ആനക്കാരന്‍റെ ദിവസക്കൂലിയും ആനചമയത്തിന്‍റെ തുകയും ബന്ധപ്പെട്ട ജീവനക്കാര്‍ എഴുതി എടുക്കുകയാണ് പതിവ്. ആന ഉടമയ്ക്കു പകരം ആനയുടെ പേരില്‍ തന്നെ വൌച്ചര്‍ ഒപ്പിട്ട് പണം നല്‍കിയ രേഖയും ഒരു ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. 


ദൈവത്തിന്‍റെ കാര്യമായതിനാല്‍ ആരും പരാതിപ്പെടാതെ പോകുന്നതിനാല്‍ ഇവര്‍ പിടിക്കപ്പെടാതെ പോകുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടന്ന ഇത്തരം ക്രമക്കേടുകള്‍ പിടിക്കപ്പെടുകയും ദേവസ്വം മാനേജരുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒരു ജീവനക്കാരന്‍ കൂടി ഇപ്പോള്‍ പിടിക്കപ്പെട്ടതോടെ ഏറ്റുമാനൂര്‍ ഗ്രൂപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യവും ഭക്തരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K