05 October, 2019 02:05:06 PM


തടസ്സമായവരെ കൊന്നൊഴിവാക്കി; കൂടത്തായിലും പിണറായിയിലും സമാനത ; കേരളത്തെ ഞെട്ടിച്ച് സൗമ്യക്ക് പിറകെ ജോളിയും



കോഴിക്കോട് : വിഷം ചേര്‍ത്ത് ഒരു കുടുംബത്തിലെ ആറു പേരെ വര്‍ഷങ്ങള്‍ കൊണ്ടു കൊലപ്പെടുത്തിയ കൂടത്തായിയിലെ മരണ പരമ്പര കേരളത്തെ ഞെട്ടിക്കുകയാണ്. ഇഷ്ടപ്പെട്ടയാളുമായുള്ള സൈ്വര്യജീവിതം സാധ്യമാക്കാന്‍ ഒരു കുടുംബത്തിലെ അനേകരെ കൊലപ്പെടുത്തിയ ജോളി എന്ന യുവതി ഓര്‍മ്മിപ്പിക്കുന്നത് വഴിവിട്ട ജീവിതം സാധ്യമാക്കാന്‍ പിണറായിയില്‍ ഒരു കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സൗമ്യയെ.


കൊലപാതകങ്ങള്‍ തമ്മിലുള്ള അസാധാരണ സാമ്യമാണ് ഏവരേയും ഞെട്ടിക്കുന്നത്. 'സ്‌ളോ പോയിസണിംഗ്' എന്ന് പോലീസ് ഭാഷയില്‍ പറയാവുന്ന വിഷം ചേര്‍ത്തായിരുന്നു രണ്ടു സംഭവത്തിലും എല്ലാവരേയും വകവരുത്തിയത്. രണ്ടു സംഭവത്തിലും ഇരകള്‍ സ്വന്തം വീട്ടുകാരും കാലങ്ങളുടെ ഇടവേളകളിട്ടുള്ള കൃത്യ നിര്‍വ്വഹണവുമായിരുന്നു പ്രത്യേകത. രണ്ടു കേസുകള്‍ക്കും തുമ്പുണ്ടാക്കിയത് സംശയം പ്രകടിപ്പിച്ച ബന്ധുക്കളും ആദ്യം പരിശോധന നടത്തിയത് കുട്ടികളിലും. ആറു വര്‍ഷത്തിനിടയിലാണ് പിണറായിയില്‍ മൂന്ന് മരണം നടന്നത്. 14 വര്‍ഷത്തിനിടയിലാണ് കൂടത്തായിയിലെ മരണങ്ങള്‍ അത്രയും നടന്നത്.


പിണറായി പടന്നക്കരയില്‍ സ്വന്തം മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തായിരുന്നു സൗമ്യ കൊലപ്പെടുത്തിയത്. 2012 സെപ്തംബറില്‍ മകള്‍ ഒരു വയസ്സുള്ള കീര്‍ത്തനയായിരുന്നു ആദ്യം മരണമടഞ്ഞത്. സംശയം ഇല്ലാതിരുന്നതിനാല്‍ പോസ്റ്റുമാര്‍ട്ടം നടത്തിയില്ല. ആറു വര്‍ഷത്തിന് ശേഷം 2018 ജനുവരി 21 ന് സൗമ്യയുടെ മൂത്തമകള്‍ നാലാംക്‌ളാസ്സ് വിദ്യാര്‍ത്ഥിനി ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചപ്പോഴും പോസ്റ്റുമാര്‍ട്ടം നടന്നില്ല. കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13 നും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചു.


തുടര്‍ച്ചയായി മൂന്ന് മരണങ്ങള്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ഉണ്ടായത് ജനങ്ങളെ സംശയിപ്പിച്ചു. കിണറ്റിലെ വെള്ളത്തില്‍ വിഷം കലര്‍ന്നിരിക്കാമെന്നായിരുന്നു സൗമ്യ പറഞ്ഞത്. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു ബന്ധു പരാതിയുമായി എത്തിയതോടെ മകള്‍ ഒമ്പതു വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പരിശോധനയ്ക്ക് എടുത്തു. അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹത്തിലും ഇത് കണ്ടെത്തിയ വിഷം അതിന് മുമ്പ് മരിച്ച മകളുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടു.


കൂടത്തായിയില്‍ വില്ലത്തി കൊല്ലപ്പെട്ട ടോം തോമസിന്റെ മരുമകള്‍ ജോളി ആയിരുന്നു. കൂടത്തായി പൊന്നാമറ്റം കുടുംബത്തില്‍ 12 വര്‍ഷങ്ങള്‍ക്കിടയില്‍ ഇടവേളകളിട്ട് നടന്നത് ആറ് ദുരൂഹമരണങ്ങളായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോ മസിന്റെ സഹോദരപുത്രനായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫോണ്‍സ എന്നിവരാണു മരിച്ചത്. എല്ലാവരേയും താന്‍ സയനൈഡ് കലര്‍ത്തി ഓരോരുത്തരേയായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ജോളി പോലീസിനോട് സമ്മതിച്ചത്.


2002 ഓഗസ്റ്റ് 22-ന് മരണമടഞ്ഞ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇവരുടെ ശരീരം ചുവന്നിരുന്നെങ്കിലൂം പോസ്റ്റുമാര്‍ട്ടം നടത്തിയില്ല. ആറ് വര്‍ഷത്തിന് ശേഷം 2008 ഓഗസ്റ്റ് 26-നു ടോം തോമസ് മരിച്ചു. ഭക്ഷണത്തിനു ശേഷം ഛര്‍ദിച്ച് അവശനായായിരുന്നു മരണം. ഇതും ഹൃദയ സ്തംഭനമാണെന്ന് വിധിയെഴുതി. മൂന്ന് വര്‍ഷം കഴിഞ്ഞ് 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസായിരുന്നു മരണത്തിന് കീഴടങ്ങിയത്.


റോയിയും ഛര്‍ദ്ദിച്ചായിരുന്നു മരിച്ചത്. അന്നമ്മയുടെ സഹോദരന്‍ മാത്യൂവിന്റെ നിര്‍ബ്ബന്ധപ്രകാരം നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ റോയിയുടെ മൃതദേഹത്തില്‍ നിന്നും സയനൈയ്ഡിന്റെ അംശം കണ്ടെത്തി. എന്നാല്‍ ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ച് ജോളി ഇതിലേക്കുള്ള അന്വേഷണം തടസ്സപ്പെടുത്തി. പോസ്റ്റുമാര്‍ട്ടം രേഖകള്‍ ആരേയും കാണിക്കാതെ മറച്ചു വെച്ചു. പിന്നാലെ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ 2014-ല്‍ മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നീടാണ് ടോം തോമസിന്റെ സഹോദര പുത്രനായ ഷാജുവിന്റെ മകള്‍ അല്‍ഫോണ്‍സയും തുടര്‍ന്ന് ആറു മാസത്തിനു ശേഷം ഭാര്യ സിലിയും മരിച്ചത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജോളിയും ഷാജുവും വിവാഹിതരാകുകയും ചെയ്തു.


എന്നാല്‍ ഈ വിവാഹവും മരുമകളുടെ പേരിലേക്ക് ടോംതോമസ് സ്വത്ത് എഴുതിവെച്ചതും സംശയം ജനിപ്പിക്കുകയും റോയിയുടെ സഹോദരന്‍ റോജി പോലീസിനെ സമീപിക്കുകയുമായിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളിയുടെ ശ്രമം. രണ്ടു സംഭവങ്ങള്‍ക്കും സമാനതകള്‍ ഏറെയാണ്. രണ്ടു കേസിലും മൃതദേഹങ്ങളിലെല്ലാം വിഷാംശം കണ്ടെത്തിയിരുന്നു. ഒരിടത്ത് ഫോസ്‌ഫേറ്റും മറ്റൊരിടത്ത് സയനൈഡുമായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ചത്. രണ്ടു കേസും സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം നടക്കുന്നത്.


കാമുകന്മാരുമായുള്ള സൈ്വര്യവിഹാരമായിരുന്നു സൗമ്യയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. ഷാജുവിനെ വിവാഹം കഴിക്കും മുമ്പ് ഷാജുവിന്റെ മകളെയും ഭാര്യയേയും ഇല്ലാതാക്കി ജോളി തടസ്സം മറികടന്നു. ഇതിനൊപ്പം സ്വത്ത് തട്ടിയെടുക്കല്‍ കൂടി ജോളിയുടെ പദ്ധതിയില്‍ ഉണ്ടായിരുന്നു. രണ്ട് സ്ഥലത്തും മരണം നടക്കുമ്പോള്‍ പ്രതികളുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ജോളിയെ സംശയത്തിലേക്ക് നയിച്ചത് റോയിയുടെ സഹോദരന്‍ റോജി റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയാണ്. അമേരിക്കയില്‍ ആയിരുന്ന റോജി നാട്ടിലെത്തി വിവരാവകാശ രേഖ സമര്‍പ്പിച്ച് കിട്ടിയ വിവരങ്ങള്‍ വെച്ച് നല്‍കിയ പരാതിയിലാണ് എല്ലാം വെളിപ്പെട്ടത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K