06 October, 2019 08:32:22 AM


ചുരുളഴിയുന്ന രഹസ്യങ്ങളില്‍ നടുങ്ങി നാട്ടുകാര്‍; പൊന്നാമറ്റം വീട് പൂട്ടി മുദ്രവെച്ചു; പ്രതികള്‍ റിമാന്‍ഡില്‍

 


കോഴിക്കോട്: വർഷങ്ങൾക്കുമുമ്പ് മറഞ്ഞു പോയവരുടെ ഓർമകൾ വീണ്ടും ഈ വീട്ടിൽ അലയടിക്കുന്നു. ആ മരണങ്ങൾക്കു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ വീട്ടിൽ അവശേഷിക്കുന്നവർക്കും നാട്ടുകാര്‍ക്കും നടുക്കം. റോയി തോമസിന്‍റെ ഭാര്യ ജോളിയെ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഈ വീട്ടിൽനിന്നു ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കോഴിക്കോട് ജില്ലാ ജയിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യപരിശോധന നടത്തിയ ഇവരെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.


പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്‍റെ മരണം സംബന്ധിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെങ്കിലും ആറ് ദുരൂഹമരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അതേസമയം കൊലപാതകം നടന്ന കൂടത്തായിയിലെ വീട് പൊലീസ് പൂട്ടി മുദ്രവെച്ചു. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വീട് പൂട്ടിയത്.


ദുരൂഹമരണങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്​ പങ്കുണ്ടെന്ന്​ ജോളി മൊഴി നല്‍കിയതായി സൂചനയുണ്ട്​. റോയിയുടെ മരണമൊഴികെയുള്ള കേസുകളിലാണ്​ ജോളിക്ക് കൂടുതല്‍ പേരില്‍ നിന്ന്​​ സഹായം ലഭിച്ചിരിക്കുന്നത്​. സംശയിക്കുന്നവര്‍ പൊലീസ്​ നിരീക്ഷണത്തിലാണ്​. ജോളിയെ കസ്​റ്റഡിയില്‍ ലഭിച്ചതിന്​ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലുണ്ടാകും.


ജോളിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മക്കളും സഹോദരനും ഉൾപ്പെടെയുള്ളവരാണ് പൊന്നാമറ്റം വീട്ടിലുണ്ടായിരുന്നത്. പിന്നീടു റോയിയുടെ സഹോദരി റഞ്ജി വന്നു. ആറു പേരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പോലീസിനു പരാതി നൽകിയത് അമേരിക്കയിലുള്ള സഹോദരൻ റോജോയാണെങ്കിലും പോലീസിനു മൊഴി നൽകി സംശയങ്ങളുടെ ചുരുളഴിക്കാൻ ഒപ്പം നിന്നത് റഞ്ജിയായിരുന്നു. 2002-ൽ അന്നമ്മ മരിക്കുമ്പോൾ പ്രകടിപ്പിച്ച ലക്ഷണങ്ങൾ ഇവർ നൽകിയ മൊഴിയിലുണ്ടായിരുന്നു. ഇതിൽ നിന്നാണ് അന്നമ്മയുടെ മരണം ആട്ടിൻസൂപ്പിൽ സയനൈഡ് കലർത്തി നൽകിയതു കാരണമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.


ടോം തോമസിന്റെയും അന്നമ്മയുടെയും റോയി തോമസിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കല്ലറ തുറന്ന് തെളിവുകൾ ശേഖരിക്കാനായി പുറത്തെടുത്തപ്പോൾ റഞ്ജു പള്ളി സെമിത്തേരിയിൽ എത്തിയിരുന്നു. വൈകീട്ട് കോഴിക്കോട്ടേക്കു മടങ്ങി. ശനിയാഴ്ച രാവിലെ ജോളിയെ പോലീസ് കൊണ്ടുപോയ ശേഷമാണ് ഇവർ വീട്ടിലെത്തിയത്. കൊളംബോയിലെ ഒരു എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലക്ചററായിരുന്ന ഇവർ ഇപ്പോൾ എറണാകുളത്താണു താമസം. ഇതു സത്യാന്വേഷണ പരീക്ഷണമാണ്. സത്യം പുറത്തുവരികതന്നെ വേണം. അതിനാണ് ഈ വെല്ലുവിളികളെല്ലാം ഏറ്റെടുത്തത്. അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ നേരത്തെത്തന്നെ സംശയമുണ്ടായിരുന്നു. അതിന്റെ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ വയ്യ. സത്യം പുറത്തുവരട്ടെ. റഞ്ജി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K