06 October, 2019 03:17:53 PM


ഏറ്റുമാനൂര്‍ നഗരസഭ: സിപിഎം അംഗങ്ങള്‍ക്കിടയില്‍ പോര്; സ്ഥിരം സമിതി അധ്യക്ഷനു നേരെ അഴിമതി ആരോപണവുമായി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ പ്രതിപക്ഷത്ത് സിപിഎം അംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും പാര്‍ട്ടി പ്രതിനിധിയുമായ ടി.പി. മോഹന്‍ദാസിനെതിരെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.എസ് വിനോദ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ നഗരസഭയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ആരോഗ്യസ്ഥിരം സമിതിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിലേക്ക് യന്ത്രങ്ങള്‍ മേടിച്ചതിലും റിംഗ് കമ്പോസ്റ്റുകളുടെ നിര്‍മ്മാണത്തിലും ക്രമക്കേട് ചൂണ്ടികാട്ടി കഴിഞ്ഞ കൌണ്‍സിലില്‍ വിനോദ് ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെയും  പഠിക്കാതെയും യുഡിഎഫിനോടൊപ്പം ചേര്‍ന്ന് നിന്ന് ആരോപണങ്ങള്‍ ഉന്നയിച്ച വിനോദ് പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് കളങ്കം വരുത്തുകയാണ് ചെയ്തതെന്ന് ചൂണ്ടികാട്ടി മോഹന്‍ദാസ് സിപിഎം ലോക്കല്‍, ഏരിയാ കമ്മറ്റികള്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് വഴി വെച്ചത്. 


പുതുതായി നിര്‍മ്മിക്കുന്ന ഷ്രംഡിംഗ് യൂണിറ്റിലേക്ക് പ്ലാസ്റ്റിക് പൊടിക്കാനുള്ള യന്ത്രം വാങ്ങുന്നതിന് 10 ലക്ഷം രൂപാ കരാറുകാരന് അഡ്വാന്‍സായി നല്‍കി എന്നതായിരുന്നു വിനോദിന്‍റെ ഒരു ആരോപണം. 2017 മുതല്‍ 2019 വരെയുള്ള  കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട റിംഗ് കമ്പോസ്റ്റ് ഇതു വരെ നിര്‍മ്മിച്ച് വിതരണം ചെയ്തില്ല. എന്നാല്‍ ഇവിടെയും കരാറുകാരന് പത്ത് ലക്ഷം അഡ്വാന്‍സ് നല്‍കി. സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി 24 ലക്ഷം രൂപ വിവിധ നിര്‍മ്മാണങ്ങള്‍ക്കായി നല്‍കാന്‍ കൂട്ടുനിന്ന സെക്രട്ടറിക്കെതിരെ വകുപ്പ് തല നടപടികള്‍ കൈകൊള്ളണമെന്നും വിനോദ് ആവശ്യപ്പെട്ടിരുന്നു. 


വിനോദിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടികാട്ടി ടി.പി.മോഹന്‍ദാസ് കൌണ്‍സിലില്‍ മറുപടി നല്‍കിയിരുന്നു. അഴിമതിയ്ക്ക് ചുക്കാന്‍ പിടിക്കുന്ന നഗരസഭയിലെ ചില കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ചേര്‍ന്ന്  നിന്ന് സ്വന്തം പാര്‍ട്ടി പ്രിതിനിധികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് മോഹന്‍ദാസ് വിനോദിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്. വികസനകാര്യസ്ഥിരം സമിതിയില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയമായാണ് വിനോദ് ആരോപണങ്ങള്‍  ഉന്നയിച്ചത്. എന്നാല്‍ ഈ സമിതിയില്‍ അംഗങ്ങളായുള്ള ചില സിപിഎം പ്രതിനിധികള്‍ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ഇതേ സമിതിയിലെ അംഗമായ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ടോമി പുളിമാന്‍തുണ്ടവുമായി ചേര്‍ന്നാണ് വിനോദ് ആരോപണങ്ങള്‍ തയ്യാറാക്കിയതെന്നാണ് ടി.പി.മോഹന്‍ദാസ് കുറ്റപ്പെടുത്തുന്നത്.


ശുചിത്വമിഷന്‍റെ  സഹകരണത്തോടെയുള്ള ഷ്രഡിംഗ് യൂണിറ്റിന്‍റെയും റിംഗ് കമ്പോസ്റ്റിന്‍റെയും നിര്‍മ്മാണ പ്രവൃത്തികള്‍ സ്വന്തം ഇഷ്ടപ്രകാരമമല്ല, മറിച്ച് നാല് സിപിഎം പ്രതിനിധികളും രണ്ട് കോണ്‍ഗ്രസ് പ്രതിനിധികളും ഉള്‍പ്പെട്ട ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് മോഹന്‍ദാസ് പറയുന്നു. 2017 - 18, 2018-19 കാലഘട്ടത്തില്‍ ഈ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചുവെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. റിംഗ് കമ്പോസ്റ്റിന്‍റെ കാര്യത്തില്‍ യൂണിറ്റ് തുക 2500 ആയിരുന്നതും ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ തുരങ്കം വെച്ചതുമാണ് കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാതെ വന്നതെന്ന് മോഹന്‍ദാസ് കുറ്റപ്പെടുത്തുന്നു. പിന്നീട് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് ശുചിത്വമിഷന്‍റെ കൂടി സഹകരണത്തോടെ അംഗീകൃത ഏജന്‍സിയെകൊണ്ട് പണികള്‍ ചെയ്യിക്കാന്‍ നടപടികള്‍ ഉണ്ടായത്. ഷ്രഡിംഗ് യൂണിറ്റ് കെട്ടിടനിര്‍മ്മാണത്തിന് കരാറായതും ഒട്ടേറെ ശ്രമിച്ചതിന് ശേഷമാണ്.


20 ലക്ഷം രൂപാ ചെലവ് വരുന്ന പദ്ധതിപ്രകാരം 820 റിംഗുകളാണ് പണിയുന്നത്. ഇവയെല്ലാം തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് തീര്‍ത്തും സൌജന്യമായാണ് വിതരണം ചെയ്യുന്നതും. പേരൂരില്‍ 320ഉം മാടപ്പാട് 300ഉം റിംഗുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.  2007ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗവ. അംഗീകൃത ഏജന്‍സിയെകൊണ്ടാണ് നിര്‍മ്മാണപ്രവൃത്തികള്‍ ചെയ്യിക്കുന്നതെങ്കില്‍ തുക ഘട്ടം ഘട്ടമായി നല്‍കാവുന്നതാണ്. അതിന്‍പ്രകാരം റിംഗ് കമ്പോസ്റ്റിന്‍റെ 70 ശതമാനം പണികള്‍ പൂര്‍ത്തികരിച്ചപ്പോഴും ഏജന്‍സിക്ക് 50 ശതമാനം അതായത് 10 ലക്ഷം രൂപ മാത്രമേ അഡ്വാന്‍സായി നല്‍കിയിട്ടുള്ളു. മോഹന്‍ദാസ് വ്യക്തമാക്കി. 


ഷ്രഡിംഗ് യൂണിറ്റിലേക്കുള്ള യന്ത്രസാമഗ്രികള്‍ സര്‍ക്കാരിന്‍റെ ക്ലീന്‍ കേരളാ കമ്പനിയാണ് നല്‍കുന്നത്. ശുചിത്വമിഷന്‍ അനുവദിച്ച 9.80 ലക്ഷം രൂപ  കമ്പനിയ്ക്ക് നല്‍കി. നവംബര്‍ ഒന്നാം തീയതി യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. 13 ലക്ഷം രൂപയാണ് ഷ്രഡിംഗ് യൂണിറ്റിന്‍റെ കെട്ടിടനിര്‍മ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതിനു പിന്നാലെ തുമ്പൂര്‍മൂഴി മോഡലില്‍ അജൈവമാലിന്യസംസ്കരണ യൂണിറ്റുകളും ബോട്ടില്‍ ഹട്ടുകളും നഗരത്തിലും വിവധ കേന്ദ്രങ്ങളിലും ഉടന്‍ സ്ഥാപിക്കും.  ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കാനുള്ള യൂണിറ്റും ഉടന്‍ ആരംഭിക്കുമെന്ന് മോഹഗന്‍ദാസ് പറയുന്നു. അതേസമയം, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം അടുത്ത കൌണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന നിലപാടിലാണ് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K