07 October, 2019 03:20:52 PM


അടിവസ്ത്രത്തിലും ലഹരിമരുന്ന്: വിദേശ യാത്രക്ക് എത്തിയ മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയില്‍




കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ശരീരത്തില്‍ ഒളിപ്പിച്ച് മലേഷ്യ, ദോഹ എന്നിവിടങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച 850 ഗ്രാം മെതാംഫെറ്റാമൈന്‍ എന്ന ലഹരി പദാര്‍ഥമാണ് കണ്ടെത്തിയത്. ഇവയ്ക്ക് രാജ്യാന്തര വിപണിയില്‍ 45 ലക്ഷം രൂപ വിലമതിക്കും. തമിഴ്‌നാട് സ്വദേശികളായ ഷംസുദീന്‍ അഷറഫലി, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അമീന്‍ എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇവരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.


മലേഷ്യയിലേക്ക് പോകാന്‍ എത്തിയ ഷംസുദീന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സംശയത്തെ തുടര്‍ന്ന് സി.ഐ.എസ്.എഫിന്റെ സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു. അടിവസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന വെളുത്ത പൊടി ഇയാളില്‍ നിന്ന് കണ്ടെടുത്തു. വിശദമായ പരിശോധനയിലാണ് ഇത് 300 ഗ്രാം മെതാംഫെറ്റാമൈന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.


ഷംസുദീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദോഹയിലേക്ക് പോകുന്നതിനായി എത്തിയ ഷാഹുല്‍ ഹമീദിന്റെ പക്കലും ലഹരിമരുന്നുണ്ടെന്ന വിവരം ലഭിച്ചത്. വിമാനത്തില്‍ കയറിയ ഇയാളെ തിരികെയെത്തിച്ചു പരിശോധന നടത്തുകയായിരുന്നു. ഇയാളില്‍ നിന്ന് 250 ഗ്രാം മെതാംഫെറ്റമൈന്‍ കണ്ടെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരമഗനുസരിച്ച് മുഹമ്മദ് അമീനെയും തിരിച്ചുവിളിച്ച് പരിശോധിച്ചെങ്കിലും ലഹരിമരുന്ന് ലഭിച്ചില്ല. എന്നാല്‍ വിമാനത്താവളത്തിന്റെ ശുചിമുറിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പൊതികളില്‍ നിന്നായി 300 ഗ്രാം മെതാംഫെറ്റാമൈന്‍ കണ്ടെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K