11 October, 2019 08:47:06 PM


യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി;​ കാണാനില്ലെന്ന് പരാതി നല്‍കി: ഭര്‍ത്താവ് അറസ്റ്റില്‍




കാസര്‍കോട്: വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ ഭര്‍ത്താവ് സെല്‍ജോയെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശിനിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ സെല്‍ജോ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയില്‍ ഉപേക്ഷിച്ചതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രമീളയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതിന് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.


മൃതദേഹം കണ്ടെത്താന്‍ ചന്ദ്രഗിരിപ്പുഴയില്‍ വിപുലമായ തെരച്ചില്‍ നടത്തി. മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്തിയില്ല. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തെരച്ചിലിന് തടസമാകുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തെരച്ചിലും ഊര്‍ജിതമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. സംഭവ ദിവസം രാത്രി വൈകി സെല്‍ജോയുടെ ഓട്ടോറിക്ഷ തെക്കില്‍പാലത്തിന്‍റെ ഭാഗത്തേയ്ക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയെങ്കിലും സാധിച്ചില്ലെന്നും സെല്‍ജോ മൊഴി നല്‍കിയിട്ടുണ്ട്.


ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സെല്‍ജോ തന്നെ വിദ്യാനഗര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കാസര്‍കോട് കളക്ടറേറ്റിലെ താത്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതല്‍ കാണാതായി എന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രമീളയെക്കുറിച്ച്‌ ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സില്‍ജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഭര്‍ത്താവിനെ വിദ്യാനഗര്‍ സി..ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പാലത്തിന് സമീപം ചന്ദ്രഗിരിപ്പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.



കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സെല്‍ജോയും, കൊല്ലം സ്വദേശിനിയായ പ്രമീളയും വര്‍ഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. സെല്‍ജോയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന. സെല്‍ജോയുടെ വനിതാ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K