29 December, 2015 03:03:38 PM


മുഖ്യമന്ത്രി വിതരണം ചെയ്‌ത പട്ടയങ്ങള്‍ക്ക്‌ അവകാശവാദമുന്നയിച്ച്‌ വ്യക്‌തി



തൊടുപുഴ: മെഗാപട്ടയ മേളയില്‍ മുഖ്യമന്ത്രി വിതരണം ചെയ്‌ത പട്ടയങ്ങള്‍ക്ക്‌ അവകാശവാദമുന്നയിച്ച്‌ വ്യക്‌തി രംഗത്ത്‌.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പെടുത്തി മുഖ്യമന്ത്രി കട്ടപ്പനയില്‍ പട്ടയമേളയില്‍ വിതരണം ചെയ്‌ത ആറു പേരുടെ പട്ടയത്തിനാണ്‌ വ്യക്‌തി അവകാശ വാദമുന്നയിച്ചിരിക്കുന്നത്‌.

 അഞ്ചിരി സ്വദേശിനികളായ സിനി ബാലന്‍, സുനിത നിശാന്ത്‌, ആലക്കോട്‌ സ്വദേശിനികളായ നിസ ഷാഫി, ബിന്‍സി ബാബു, കലയന്താനി സ്വദേശിനി ചന്ദ്രിക സോമന്‍ എന്നിവര്‍ക്കാണ്‌ വെട്ടിമറ്റം പഞ്ചായത്ത്‌ സ്‌കൂളിനു സമീപം 27 സെന്റ്‌ സ്‌ഥലത്തിനു പട്ടയം ലഭിച്ചത്‌. ഈ ഭൂമിയില്‍ വീട്‌ നിര്‍മിക്കുന്നതിനായി ഇവര്‍ ഇവിടെ നിന്നിരുന്ന റബര്‍മരങ്ങളും, പാഴ്‌മരങ്ങളും വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഈ ഭൂമി കാഞ്ഞിരമറ്റം സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ളതാണെന്നും ഇതില്‍ കയറാന്‍ പാടില്ലെന്നും തല്‍സ്‌ഥിതി തുടരണണമെന്നും കോടതി ഉത്തരവ്‌ ലഭിച്ചതായി കാണിച്ച്‌ തൊടുപുഴ സി.ഐയ്‌ക്ക്‌ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. അനധികൃതമായി ഭൂമിയില്‍ പ്രവേശിച്ചതിനും ഈ ഭൂമി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പെടുത്തിയതിനും തഹസില്‍ദാര്‍ക്കും മറ്റ്‌ മൂന്ന്‌ ഉദ്യോഗസ്‌ഥര്‍ക്കുമെതിരെയാണ്‌ ഇയാള്‍ കേസ്‌ നല്‍കിയിരിക്കുന്നത്‌. പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ ഭൂമി ലഭിച്ച ക്യാന്‍സര്‍ രോഗബാധിതയായ ആള്‍ ഉള്‍പ്പെടെ ആറുപേരെയും സ്‌റ്റേഷനില്‍ ഇന്നലെ ഉച്ചയോടെ വിളിപ്പിച്ചു. പദ്ധതിയില്‍ മുഖ്യമന്ത്രി നല്‍കിയ പട്ടയമുള്‍പ്പെടെയുള്ള രേഖകളുമായാണ്‌ ഇവര്‍ സ്‌റ്റേഷനില്‍ എത്തിയത്‌.

പരാതി നല്‍കിയ വ്യക്‌തിയോട്‌ കോടതി നല്‍കിയ ഉത്തരവ്‌ ഹാജരാക്കാന്‍ പറഞ്ഞെങ്കിലും കോടതി വാക്കാല്‍ ഉത്തരവാണ്‌ നല്‍കിയതെന്നു പരാതിക്കാരന്‍ പോലീസിനെ അറിയിച്ചു. സ്‌ഥലവുമായി ബന്ധപ്പെട്ട എല്ലാവിധ രേഖകളും തന്റെ കൈയിലുണ്ടെന്നാണ്‌ ഇദ്ദേഹത്തിന്റെ നിലപാട്‌. അടുത്ത ദിവസം തന്നെ കോടതി ഉത്തരവ്‌ ഹാജരാക്കുമെന്നും ഇദ്ദേഹം പറഞ്ഞു






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K