23 October, 2019 06:00:56 PM


വാഹനപരിശോധനയ്ക്ക് പോലീസുകാരന്‍ കൈകാണിച്ചു; പിന്നെ നടന്നത് വാഹനങ്ങളുടെ കൂട്ടയിടി



പെരുമ്പാവൂര്‍: റോഡിന്‍റെ മറുവശത്ത് നിന്നും പോലീസുകാര്‍ കൈ കാണിച്ച് വാഹനം നിര്‍ത്താനാവശ്യപ്പെട്ടപ്പോള്‍ സംഭവിച്ചത് വാഹനങ്ങളുടെ കൂട്ടയിടി. പെരുമ്പാവൂരിനടുത്ത് പുല്ലൂരില്‍ എം.സി.റോഡില്‍ ബുധനാഴ്ച പകലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ റോഡിന്‍റെ ഒരു വശത്ത് നിന്ന പോലീസുകാര്‍ മറുവശത്തുകൂടി പോയ കാര്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 


പോലീസ് കൈ കാണിച്ച ഉടന്‍ ബ്രേക്ക് ചെയ്ത കാറിന് പിന്നാലെ വരിവരിയായി വന്ന ആറ് കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാരപരിക്കുകള്‍ ഏറ്റിട്ടുണ്ട്. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. സംഭവത്തെതുടര്‍ന്ന് കാര്‍ യാത്രികരും നാട്ടുകാരും പോലീസിന്‍റെ നടപടിയെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ദിശ തെറ്റി നിന്ന് കാറിന് കൈ കാണിച്ചു എന്ന ആരോപണം പോലീസ് ഉദ്യോഗസ്ഥന്‍ നിഷേധിക്കുന്നുമുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K