29 December, 2015 03:23:03 PM


ഹില്‍വ്യൂ പാര്‍ക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് നരകയാതന



പൈനാവ്: ജില്ലാ ആസ്ഥാനത്തെ ഹില്‍വ്യൂ പാര്‍ക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് നരകയാതന. കടുത്ത വേനല്‍ചൂടില്‍ എത്തുന്ന സഞ്ചാരികളുടെ ആവശ്യത്തിന് ശുദ്ധജലം ഇല്ല. ദിവസവും സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ടോയ്‌ലറ്റ് അടച്ചുപൂട്ടിയത് സഞ്ചാരികളെ ഏറെ ദുരിതത്തിലാക്കി.വെള്ളം ഇല്ലെന്നതാണ് അധികൃതര്‍ ഇതിനു പറയുന്ന ന്യായം.

പാര്‍ക്കില്‍ പെഡല്‍ ബോട്ടിങ് നടത്തുന്ന തടാകവും വെള്ളം പമ്പ്‌ചെയ്യാനുള്ള ഇലക്ട്രിക് മോട്ടറുമുണ്ട്. പാര്‍ക്കിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് സഞ്ചാരികളുടെ പക്കല്‍നിന്ന് അഞ്ചുരൂപയാണ് അധികൃതര്‍ ഈടാക്കിയിരുന്നത്. ആയിരം ലിറ്റര്‍വെള്ളം മാത്രം ഉള്‍ക്കൊള്ളുന്ന വാട്ടര്‍ടാങ്കാണ് ഇവിടെയുള്ളത്. ഇത് മാറ്റി വലിയ ടാങ്ക് സ്ഥാപിക്കണമെന്നുള്ള ആവശ്യം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) അധികൃതര്‍ നടപ്പാക്കിയിട്ടില്ല.

പാര്‍ക്കില്‍ സഞ്ചാരികള്‍ കൊണ്ടുവരുന്ന ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളും ലഘുഭക്ഷണശാലയിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും പാര്‍ക്കില്‍ പാര്‍ക്കില്‍ കൂട്ടിയിട്ടാണ് കത്തിക്കുന്നത്. കത്തി ചാമ്പലാകാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ തേടി തെരുവുനായ്ക്കളെത്തുന്നത് സന്ദര്‍ശകര്‍ക്ക് ഭീഷണിയാണ്.

പാര്‍ക്കിന്‍റെ വ്യൂ പോയിന്‍റുകളില്‍  വന്‍കുഴികളും കൊക്കയുമുള്ള വിവിധ ഭാഗങ്ങളില്‍ സംരക്ഷണ വേലികള്‍ പോലും സ്ഥാപിച്ചിട്ടില്ല. ഈ സ്ഥലങ്ങള്‍ കാടുകയറി മൂടിക്കി മൂടിക്കിടക്കുകയാണ്. അതിനാല്‍ അപകടത്തിന് സാദ്ധ്യതകള്‍ ഏറെയാണ്.

ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ഇടുക്കി ഡി.ടി.പി.സിയുടെ കീഴിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. സ്ഥിരമായി സെക്രട്ടറി ഇല്ല. വിവിധ വകുപ്പുകളില്‍നിന്ന് ഒരുവര്‍ഷ കാലാവധിക്ക് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത്തരത്തില്‍ സെക്രട്ടറിമാര്‍ മാറി വരുന്നതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍  ആരും തയ്യാറല്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K