28 October, 2019 03:33:45 PM


കൊച്ചിയിലെ വെള്ളക്കെട്ട് തടയാൻ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ': ആദ്യമായി ഡ്രയിനേജ് മാപ്പ് തയ്യാറാക്കും





കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആവിഷ്കരിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കര്‍മ്മപരിപാടിയുടെ തുടര്‍നടപടികള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആദ്യപടിയെന്ന നിലയില്‍ കനാലുകളും ഓടകളും അടക്കം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഉള്‍പ്പെട്ട വിശദമായ ഡ്രയിനേജ് മാപ്പ് തയാറാക്കും. മൂന്നു മാസത്തിനകം ഡ്രയിനേജ് സംവിധാനം  മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ വ്യക്തമാക്കി.


ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടര്‍ നടപടികളുടെ ഭാഗമായി ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൊച്ചി കോർപ്പറേഷൻ, ജിസിഡിഎ, ജലസേചനം , അഗ്നി രക്ഷാ സേന, അടിയന്തരഘട്ട കാര്യനിർവഹണം, പൊലീസ്, കൊച്ചി മെട്രോ തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആവിഷ്കരിച്ച നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലാണ് കൊച്ചിയിലും സമഗ്ര പദ്ധതി ആവിഷ്കരിക്കുക.


വെള്ളക്കെട്ടിനിടയാക്കിയ സാഹചര്യം വിലയിരുത്തുന്നതിന് വിദഗ്ധരടങ്ങുന്ന സാങ്കേതിക സമിതി രൂപീകരിക്കും. ഇതിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്‍റെ സഹകരണം തേടും. ഒക്ടോബര്‍ 20, 21 തീയതികളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പരിഹരിച്ചത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ  ഏകോപിപ്പിച്ച് നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വഴിയാണ്. നാല് മണിക്കൂര്‍ കൊണ്ട് നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിച്ച അടിയന്തര നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കാന്‍ തീരുമാനിക്കുകയും ഇതിന് നേതൃത്വം നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. 


ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ സന്ധ്യാദേവി, തഹസില്‍ദാര്‍ ബീന.പി.ആനന്ദ്, കൊച്ചി നഗരസഭ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എച്ച്. ടൈറ്റസ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍. ഡോ. ആര്‍. സുജ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K